സീതത്തോട്ടിലെ 220 കെവി സബ് സ്റ്റേഷൻ
ജനവാസമേഖലയിൽ ലൈൻ വലിക്കാൻ അനുമതി വേണമെന്ന് വനം മന്ത്രാലയം


സ്വന്തം ലേഖകൻ
Published on Oct 18, 2026, 12:05 AM | 2 min read
ചിറ്റാർ
സീതത്തോട്ടിൽ നിർമിച്ച 220 കെവി സബ് സ്റ്റേഷനിലേക്ക് ലൈൻ വലിക്കുന്ന പ്രവർത്തനം പ്രതിസന്ധിയിലാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രാനുമതി വൈകുന്നതാണ് പ്രധാന പ്രശ്നം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് പദ്ധതി. ശബരിഗിരി ജലവൈദ്യുതി നിലയത്തിൽ നിന്നും അമ്പലമുകൾ, ഇടമൺ സബ് സ്റ്റേഷനുകളിലേക്ക് പോകുന്ന ലൈനിൽ നിന്നും വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്. മൂന്ന് കിലോമീറ്റർ ദൂരത്തിൽ 13 ടവറുകളാണ് ഇതിനുവേണ്ടി സ്ഥാപിക്കേണ്ടത്. അതിൽ ഏഴെണ്ണം സ്ഥാപിച്ചു കഴിഞ്ഞു. കെഎസ്ഇബിയുടെ ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ നിന്ന് 244 കോടി രൂപ അനുവദിച്ചാണ് നിർമാണം നടത്തുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ കിഫ്ബിയെ അട്ടിമറിക്കുന്നതോടെ പദ്ധതിയുടെ ഭാവി എന്താകുമെന്നതിലും ആശങ്കയുണ്ട്. ജനവാസ മേഖലയിലൂടെ സ്ഥലം ഉടമകളുടെ അനുമതി വാങ്ങി മതിയായ നഷ്ട പരിഹാരവും നൽകിയാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയായിരിക്കെ വൈദ്യുതി വകുപ്പ് നിർമാണം ആരംഭിച്ചത്. എന്നാൽ ഏഴ് ടവറുകളുടെ പണി പൂർത്തിയായപ്പോൾ വനമന്ത്രാലയം ഇടപെടുകയായിരുന്നു. ജനവാസമേഖലയിലൂടെ ലൈൻ വലിക്കാൻ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് വാദം. തുടർ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ നിരാക്ഷേപ പത്രം വേണമെന്നാണ് ആവശ്യം. ഇതേ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദത്തിനായി കെഎസ്ഇബി അപേക്ഷ നൽകിയിരിക്കുകയാണ്. ജനവാസ മേഖലയിൽ വൈദ്യുതി ലൈൻ വലിക്കുന്നതിനും വന മന്ത്രാലയത്തിന്റെ അനുവാദം വാങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ശബരിഗിരി നിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി അമ്പലമുകൾ–ഇടമൺ സബ്സ്റ്റേഷനുകൾ വഴിയും പത്തനാപുരം–പാടം വഴിയുമാണ് നിലവിൽ പത്തനംതിട്ട ജില്ലയിൽ എത്തിക്കുന്നത്. എന്നാൽ പുതിയ സീതത്തോട് സബ് സ്റ്റേഷൻ നിർമാണം പൂർത്തിയായാൽ തൊട്ടടുത്തുള്ള കക്കാട് 110 കെ വി സബ് സ്റ്റേഷൻ വഴി ചിറ്റാർ, സീതത്തോട്, നിലയ്ക്കൽ, ആങ്ങമൂഴി, പെരുനാട്, തണ്ണിത്തോട്, തേക്കുതോട്, വടശേരിക്കര പ്രദേശങ്ങളിലും പത്തനംതിട്ടയിലും എത്തിക്കാൻ കഴിയും. അമ്പലമുകൾ–ഇടമൺ, പത്തനാപുരം–പാടം ലൈനുകളിൽ കൂടി വൈദ്യുതി പ്രസരണത്തിന് തടസം നേരിട്ടാലും ജില്ലയിലാകെ വൈദ്യുതി എത്തിക്കാൻ കഴിയുന്നതാണ് പദ്ധതി.
Highlights: കിഫ്ബിയിൽ നിന്ന് 244 കോടി രൂപ അനുവദിച്ചാണ് നിർമാണം നടത്തുന്നത്
യുഡിഎഫ് സർക്കാർ കിഫ്ബിയെ അട്ടിമറിക്കുന്നതോടെ പദ്ധതിയുടെ ഭാവി എന്താകുമെന്നതിലും ആശങ്ക








0 comments