നമ്മൾ ടൈം ട്രാവൽ ചെയ്‌തെത്തി... വർഷം 1920ൽ

പത്തനംതിട്ട
പെട്ടെന്നൊരു ടൈം ട്രാവൽ മെഷീനുള്ളിൽ കയറി നൂറിലേറെ വർഷം പിന്നിലേക്ക് പോയെന്ന് കരുതുക. അന്നത്തെ സാധനങ്ങളൊക്കെ പുതുപുത്തനായി ഇരിക്കുന്നത് കാണാനായാൽ അതിലേറെ രസം വേറെന്തുണ്ട്... ഏറെ കൗതുകമുള്ള പഴമയുടെ വൻശേഖരം തന്നെയുണ്ട് പത്തനംതിട്ട അമ്മിണിയമ്മ വീട്ടിൽ അഡ്വ. അബ്‌ദുൾ മനാഫിന്റെയടുത്ത്. ഒന്നും രണ്ടുമല്ല, പല തലമുറകൾ കൈമാറിവന്ന സാധനങ്ങൾ. ഒരു മ്യൂസിയത്തിൽ സൂക്ഷിക്കാനാവുന്നയത്രയും. 1920ലെ വടക്കുനോക്കി യന്ത്രമാണ് ഉള്ളതിൽ ഏറ്റവും പഴയത്. 150 വർഷത്തോളം പഴക്കമുള്ള വിസിൽ, കുഞ്ഞുങ്ങൾക്ക് മരുന്നുകൊടുത്തിരുന്ന കൈയിലൊതുങ്ങുന്ന കിണ്ടി, സെന്റീമീറ്ററുകൾ മാത്രം വലിപ്പമുള്ള കുഞ്ഞൻ ഖുറാൻ, അത് വായിക്കാനുള്ള ലെൻസ്. പഴയകാലത്തെ സാധനങ്ങളെ അത്രയും സൂക്ഷ്‌മമായി സൂക്ഷിച്ചുവച്ചിരിക്കുകയാണിവിടെ. ഒന്നും നഷ്‌ടമാവാതെ സൂക്ഷിച്ചുവയ്‌ക്കുന്ന ശീലം അച്‌ഛനും മുത്തച്ഛനും ഉണ്ടായിരുന്നതായി മനാഫ് പറയുന്നു. അതിപ്പോഴും തുടരുന്നു. ഇന്ത്യയിൽ വാച്ചും ഫോണുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലുള്ള വാച്ചും മൊബൈൽ ഫോണും ഇവിടെയുണ്ട്. അന്നതിനൊക്കെ പൊന്നുംവില ആയിരുന്നെങ്കിലും വാങ്ങിവച്ചു. രാജ്യത്തെ ഏകദേശം എല്ലാ കറൻസി നോട്ടുകളും, തുർക്കി, ഒമാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ നാണയങ്ങൾ. മനാഫിന്റെ കുട്ടിക്കാലം മുതലുള്ള നാണയങ്ങൾ ഒന്നുപോലും വിടാതെ സൂക്ഷിച്ചുവച്ചിരിക്കുന്നു.
ലാൻഡ് ഫോൺ നമ്മുടെ നാട്ടിലെത്തിയ കാലത്തെ നന്പർ കറക്കി വിളിക്കുന്നതും പിന്നീടിറങ്ങിയ നന്പർ അമർത്തി വിളിക്കുന്നതുമായ പതിനഞ്ചോളം ഫോൺ. തൊണ്ണൂറുകളുടെ അവസാനമാണ് ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വരവ്. രാജ്യത്തെതന്നെ ആദ്യത്തെ മൊബൈൽ ഫോൺ എറിക്‌സൺ ടി – 28 എസ്‌കോട്ടൽ സിമ്മോടെ ഉപയോഗിച്ച ഓർമ മനാഫ് പങ്കുവെക്കുന്നു. ആ നന്പർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആ പഴയ ഫോൺ മുതൽ പിന്നീടിറങ്ങിയ മൊബൈൽ ഫോണുകളുടെയെല്ലാം ശേഖരമുണ്ടിവിടെ. പണ്ടത്തെ റേഡിയോകൾ, ടേപ്പ് റെക്കോർഡർ, ആദ്യകാല സി ഡി പ്ലേയറുകൾ, എണ്ണിയാലൊടുങ്ങാത്ത പുസ്‌തകങ്ങൾ, പല മോഡൽ ബാറ്ററി ടോർച്ചുകൾ എല്ലാം ഭദ്രം. എല്ലാം ഉപയോഗിക്കാനാവുന്നതാണെന്നതും പ്രത്യേകതയാണ്.










0 comments