സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ കത്തുകളുടെ പ്രവാഹം

Photo
വെബ് ഡെസ്ക്

Published on Nov 28, 2025, 12:05 AM | 1 min read

ശബരിമല

മണ്ഡല മകരവിളക്ക് കാലത്ത്‌ വലിയ തിരക്കാണ് ശബരിമല പോസ്റ്റ് ഓഫീസില്‍. അയ്യപ്പമുദ്ര പതിഞ്ഞ കത്തുകള്‍ അയക്കാന്‍ നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ചിലര്‍ ശബരിമല ദര്‍ശനം നടത്തിയ അനുഭവം സ്വന്തം വിലാസത്തിലേക്ക് അയക്കും. മറ്റ് ചിലര്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശംസയെഴുതും. ഇത്തവണ പുതിയതായി അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി (എപിടി) സംവിധാനവും സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. അതുവഴി മറ്റേത് പോസ്റ്റ് ഓഫീസിലും ലഭ്യമാകുന്ന സേവനങ്ങള്‍ ഇവിടെയും ലഭ്യമാക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ് പോസ്റ്റ് ഓഫീസ്. ഇന്ത്യയില്‍ എവിടെയുള്ള തീർഥാടകര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി ശബരിമലയിലെ പ്രസാദം ബുക്ക് ചെയ്യാനും അവസരമുണ്ട്. സീസണ്‍ ആരംഭിച്ച് ഇതുവരെ ആറായിരത്തോളം പോസ്റ്റ് കാര്‍ഡുകളാണ് ഇവിടെനിന്ന് അയച്ചിട്ടുള്ളതെന്ന് പോസ്റ്റ് മാസ്റ്ററായ ഷിബു വി നായര്‍ പറഞ്ഞു.

689713 ആണ്‌ പിൻകോഡ്‌. രാജ്യത്ത് സ്വന്തമായി രണ്ടു പേര്‍ക്ക് മാത്രമേ പിന്‍കോഡ് ഉള്ളൂ. ഒന്ന് രാഷ്ട്രപതിക്കും മറ്റൊന്ന്‌ ശബരിമല അയ്യപ്പനും. 1963ലാണ് ശബരിമലയില്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രമാണ് ഈ പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക.

പോസ്റ്റുമാൻ അടൂർ സ്വദേശി

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ പോസ്റ്റ് മാനായി സേവനമനുഷ്‌ഠിക്കുകയാണ് പത്തനംതിട്ട, അടൂര്‍ സ്വദേശിയായ ജി വിഷ്ണു. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതും ശബരിമലയിലാണ്. ഇത്രയും കാലം തുടര്‍ച്ചയായി സന്നിധാനത്തെ പോസ്‌റ്റുമാനായി മറ്റാരും പ്രവര്‍ത്തിച്ചിട്ടില്ല. സ്വന്തം ആഗ്രഹംകൊണ്ടുകൂടിയാണ് സന്നിധാനത്തെ സേവനം തുടരുന്നതെന്നും വിഷ്ണു പറയുന്നു. കല്യാണമടക്കമുള്ള വിശേഷാൽ ചടങ്ങുകളുടെ ആദ്യ ക്ഷണക്കത്ത് അയ്യപ്പന്റെ പേരിൽ സന്നിധാനത്തേക്കയയ്ക്കുന്ന തീർഥാടകരുണ്ട്. കത്തുകളും മണി ഓര്‍ഡറുമെല്ലാം കൃത്യമായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവെന്നും വിഷ്ണു പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home