റീൽസ് എന്ന ഓൺലൈൻ ‘ചായക്കട’ ചർച്ച


സ്വന്തം ലേഖകൻ
Published on Nov 28, 2025, 01:34 AM | 1 min read
കൊല്ലം
തെരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽ മീഡിയകളിലെ റീലുകൾ കൈയടക്കിയതോടെ പല തിരക്കഥകളുമായാണ് സ്ഥാനാർഥികൾ രംഗത്ത് എത്തുന്നത്. തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ ആദ്യമാകും സോഷ്യൽ മീഡിയ ഇത്രയും സ്വാധീനം ഉറപ്പാക്കുന്നത്. സ്ഥാനാർഥികളും പ്രവർത്തകരും സോഷ്യൽ മീഡിയകളിൽ സജീവമായതാണ് റീൽസിന് പ്രാധാന്യമേറിയത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തൻ റീൽസുകൾക്കും പ്രചാരം ഏറെ. ഡിജിറ്റൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൗതുകക്കാഴ്‌ചകളാകുന്നു. ചുവരെഴുത്തും പ്രചാരണ ബോർഡും പല തെരെഞ്ഞടുപ്പുകളിലും മുന്നണികൾ നടപ്പാക്കിയിരുന്നു. വീട് കയറിയുള്ള സ്‌ക്വോഡ് പ്രവർത്തനങ്ങളും സ്ഥാനാർഥി നേരിട്ട് വോട്ടർമാരെ കാണുന്നതും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധ്യമായ ഒന്നാണ്. ഇതിന് മിക്ക സ്ഥാനാർഥികളും ശ്രമിക്കാറുണ്ട്. സ്ഥാനാർഥിയുടെ അഭ്യർഥന പലരും വായിച്ചറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. പോസ്റ്റുകൾ ആദ്യം പതിയുന്നതും സോഷ്യൽ ഫോറത്തിലാണ്. റീൽസുകൾ പലതും മുൻകൂട്ടി തയ്യാറാക്കിയവർക്ക് സീറ്റു ലഭിക്കാതെപോയ വിശേഷങ്ങളും സങ്കടങ്ങളും പങ്കുവച്ചതും ആദ്യം സോഷ്യൽ മീഡിയിലാണ്. രാഷ്‌ട്രീയ പാർടികൾ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയും റീൽസുകൾ തയ്യാറാക്കുന്നു. വാട്‌സാപ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് തുടങ്ങിയ ആപ്പുകളാണ് പ്രധാന പ്രചാരകർ. സ്ഥാനാർഥികളുടെ പ്രഭാതം മുതൽ സായാഹ്നം വരെയുള്ള പരിപാടികൾ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കാൻ കഴിയുന്ന റീൽസുകളാണ് നാട്ടിടങ്ങളിലെ ചർച്ചാ വിഷയം. നാട്ടിലെ വികസനങ്ങളും വികസന മുരടിപ്പും റീൽസുകൾ വഴി സോഷ്യൽ മീഡിയകളിൽ എത്തുന്നു. ഇതോടെ സായാഹ്ന ചർച്ചകളും ഗ്രൂപ്പുകളിലെ വിശകലനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പുതിയ ദിശാേബാധം നൽകുന്നു. ചായക്കട രാഷ്‌ട്രീയ ചർച്ചകൾക്കാണ് പുതിയ സോഷ്യൽ മീഡിയകൾ വഴിമാറുന്നത്.









0 comments