എൻ എസിന് ഓസ്‌കാര്‍ തിളക്കം

എന്‍ എസ് സഹകരണ  ആശുപത്രി
avatar
സ്വന്തം ലേഖിക

Published on Nov 28, 2025, 01:37 AM | 2 min read

കൊല്ലം

സഹകരണ മേഖലയിലെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന കോ– ഓപ്പറേറ്റീവ് ഗ്ലോബൽ എക്സലന്‍സ് അവാര്‍ഡ് ലഭിച്ച രാജ്യത്തെ ആദ്യ സഹകരണ സംഘമാണ്‌ എന്‍ എസ് ആശുപത്രി. ഒന്നേകാൽ നൂറ്റാണ്ട്‌ പാരമ്പര്യമുള്ള ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് വഴികാട്ടിയാകുകയാണ് ആശുപത്രി. ആരംഭ ഘട്ടം മുതൽ ജനങ്ങളുടെ കരുതലായി മാറി. ചിക്കുന്‍ഗുനിയ, മഹാപ്രളയം, കോവിഡ് തുടങ്ങിയ ദുരന്തമുഖങ്ങളിൽ സദാ സാന്നിധ്യമായിരുന്നു ഭരണസമിതിയും ജീവനക്കാരും. അവാര്‍ഡുകളുടെ ചരിത്രത്തിൽ നിരവധി അപൂര്‍വതകള്‍ക്കും സാക്ഷിയാണ്‌. 2017–18 മുതൽ 2022–23 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാര്‍ഡ്. 2024–25ൽ കേരളത്തിലെ സഹകരണ സംഘത്തിനുള്ള കോ ഓപ്പ്ഡേ എക്സലന്‍സ് അവാര്‍ഡ്‌, 2021 ലും 2023ലും നാഷണൽ കോ– ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ദേശീയ അവാര്‍ഡ്, തുടര്‍ച്ചയായി ആറ് വര്‍ഷം മികച്ച ടിബി നോട്ടിഫിക്കേഷന്‍ സെന്ററിനുള്ള ജില്ലാ പുരസ്‌കാരം, 2024ൽ മികച്ച മെഡിസെപ്‌ നടത്തിപ്പിനുള്ള സര്‍ക്കാർ പുരസ്‌കാരം, 2025ൽ എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്‌. മറ്റ് സഹകരണ സംഘങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമായ സഹകരണ സംഘങ്ങള്‍ക്കാണ് ഐസിഎ ഗ്ലോബൽ എക്സലന്‍സ് അവാര്‍ഡ് നൽകുന്നത്. ഇന്റര്‍നാഷണൽ കോ– ഓപ്പറേറ്റീവ് അലയന്‍സ്, ഇന്റര്‍നാഷണൽ ഹെൽത്ത് കോ– ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ എന്നീ ആഗോള സഹകരണ സഖ്യത്തിൽ അംഗത്വമുള്ള ആശുപത്രിക്കാണ് കേരള ബാങ്ക് കഴിഞ്ഞാൽ കൂടുതൽ ഓഹരി മൂലധനമുള്ളത്. പതിനായിരത്തോളം അംഗങ്ങളും 160 കോടിയുടെ ഓഹരിമൂലധനവുമുള്ള ആശുപത്രി സംഘം 2010–11 മുതൽ ഓഹരി ഉടമകള്‍ക്ക് തുടര്‍ച്ചയായി ഡിവിഡന്റ് നൽകുന്നു. വാര്‍ഷിക ടേണ്‍ഓവര്‍ 250 കോടി രൂപയാണ്. പി രാജേന്ദ്രന്‍ പ്രസിഡന്റും എ മാധവന്‍പിള്ള വൈസ് പ്രസിഡന്റുമായ 11 അംഗ ഭരണസമിതിയും സെക്രട്ടറി പി ഷിബു, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ടി ആര്‍ ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷനുമാണ് ആശുപത്രി ഭരണം.


സഹ. മേഖലയിലെ 
വലിയ തൊഴിൽദാതാവ്‌ സ്വന്തംലേഖിക കൊല്ലം ചുരുങ്ങിയ കാലയളവിലെ പ്രവര്‍ത്തനത്തിലൂടെ വിസ്മയ വളര്‍ച്ച നേടിയാണ് എന്‍ എസ് സഹകരണ ആശുപത്രിയുടെ പ്രയാണം. 60 കിടക്കയും എട്ട്‌ ചികിത്സാവിഭാഗങ്ങളുമായി 2006ൽ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി ഇന്ന് 500 കിടക്കയും 39 ചികിത്സാവിഭാഗങ്ങളും അത്യാധുനിക ചികിത്സാസൗകര്യങ്ങളുമുള്ള രാജ്യത്തെ വലിയ സഹകരണ ആശുപത്രിയാണ്‌. ഇന്റര്‍നാഷണൽ കോ– ഓപ്പറേറ്റീവ് അലയന്‍സിന്റെ കോ– ഓപ്പറേറ്റീവ് ഗ്ലോബൽ എക്സലന്‍സ് അവാര്‍ഡിലൂടെ എന്‍ എസ് സ്ഥാനം പിടിച്ചത്‌ രാജ്യാന്തര പെരുമയിലേക്ക്. റോബോട്ടിക് സര്‍ജറി സംവിധാനം, ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് സംവിധാനമുള്ള കാത്ത്‌ലാബ്, ആര്‍ട്ടിഫിഷ്യൽ റീപ്രൊഡക്‌ടീവ് ടെക്നോളജി ലാബ്, ബെഡ്സൈഡ് കോംപാക്ടബിള്‍ വീഡിയോ കണക്ടിങ്‌ സിസ്റ്റം, ന്യുമാറ്റിക് ട്യൂബ് ടെക്നോളജിയോടെ ലബോറട്ടറി, ബൈക്ക് ആംബുലന്‍സ്, പേപ്പര്‍രഹിത മെഡിക്കൽ ഡോക്കുമെന്റേഷന്‍ തുടങ്ങി ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ കുറഞ്ഞ ചെലവിൽ ലഭിക്കും. മറ്റ് ആശുപത്രികളേക്കാള്‍ കുറഞ്ഞ ചികിത്സച്ചെലവ്, കുറഞ്ഞ ആശുപത്രി വാസം, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് കിടത്തിച്ചികിത്സയ്ക്ക് 30 ശതമാനം വരെ ഡിസ്‌ക‍ൗണ്ട്‌, നിര്‍ധന രോഗികള്‍ക്ക് ‘സാന്ത്വനം’ പദ്ധതി പ്രകാരം ധനസഹായം, മരുന്നുകള്‍ക്ക് 10 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട്‌ എന്നിങ്ങനെ സഹകരണ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. പ്രതിവര്‍ഷം ഏഴുലക്ഷത്തിലധികം പേര്‍ ചികിത്സ തേടിയെത്തുന്ന എന്‍ എസ് ആശുപത്രിക്ക് പുറമേ സംഘത്തിന്റെ ഉടമസ്ഥതയിൽ ആയുര്‍വേദ ആശുപത്രി, നഴ്സിങ്‌ കോളേജ്, മെഡിസിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡ്രഗ്സ് ആൻഡ്‌ സര്‍ജിക്കൽസിന്റെ മൊത്തവിതരണ കേന്ദ്രം, ജെറിയാട്രിക് സെന്റര്‍, ഡയഗ്നോസ്റ്റിക് സെന്റര്‍, അപ്പാര്‍ട്ടുമെന്റുകള്‍, ശൂരനാട് ഹെൽത്ത്‌ സെന്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. എട്ട് സ്ഥാപനത്തിലായി 160 ഡോക്ടര്‍മാരടക്കം 1800 ജീവനക്കാരുണ്ട്‌. സംസ്ഥാനത്ത് സഹകരണ മേഖലയിലെ മൂന്നാമത്തെ തൊഴിൽദാതാവുമാണ്‌ എന്‍ എസ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home