ആ കാഴ്‌ചയും ആവിളിയും ഇനിയില്ല
തണ്ടിലേറ്റിയ മീൻവിൽപനയും പൊക്കേട്ടനും ഓർമ

മീൻകൂട്ട കെട്ടിവച്ച തണ്ട് ചുമന്ന് മീൻ വിൽപന നടത്തുന്ന പിലിക്കോട് വയലിലെ പൊക്കേട്ടൻ
ചെറുവത്തൂർ
തണ്ടിനിരുഭാഗത്തും കെട്ടിവച്ച കൊട്ടയിൽ മീനും നിറച്ച് ചുമലിൽ ചുമന്ന് വീട്ടുമുറ്റങ്ങളിലെത്തി മീൻ നൽകാൻ പൊക്കേട്ടൻ ഇനിയില്ല. പിലിക്കോട് വയലിലെ മീൻ വിൽപനക്കാരൻ പി പൊക്കനാണ് വ്യാഴാഴ്‌ച അന്തരിച്ചത്. മീനിനൊപ്പം സ്‌നേഹവും നൻമയും പകർന്ന് നൽകിയ പൊക്കേട്ടൻ നാട്ടുകാർക്ക് മാത്രമല്ല മീൻ വിൽക്കാനെത്തുന്ന പ്രദേശങ്ങളിലെല്ലാം സുപരിചിതനാണ്. സ്‌റ്റാളുകളിലേക്കും വാഹനങ്ങളിലേക്കും മീൻ വിൽപന മാറിയപ്പോഴും തണ്ടിലെ കൊട്ടയിൽ മീൻ നിറച്ച് അവ ചുമന്ന് വീടുകളിലെത്തിയാണ് ഇദ്ദേഹം മീൻ വിൽപന നടത്തിയിരുന്നത്. പഴയകാലത്ത് ഇൗ കാഴ്‌ച സാധാരണയാണെങ്കിലും ഇപ്പോൾ ഇൗ കാഴ്‌ച അപ്രത്യക്ഷമാണ്. എന്നാൽ പൊക്കേട്ടന് ഇൗ വിൽപന ഉപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. നാട്ടിൻപുറങ്ങളിലെത്തി മീൻ വിൽപന നടത്തുന്നതോടൊപ്പം ഓരോരുത്തരുമായും നല്ല നല്ല നാട്ടുവിശേഷങ്ങൾ പറയുന്നതും ഇദ്ദേഹത്തിന്റെ ശീലമാണ്. അതുകൊണ്ട് തന്നെ സൗമ്യശീലനായ ഇദ്ദേഹം ഓരോരുത്തരുടെയും അടുത്ത സുഹൃത്തായി മാറുകയായിരുന്നു. മുളന്തണ്ടിൽ മീൻപാത്രവും ചുമലിലേറ്റി കൂയ്.. മീനേ എന്ന് നീട്ടിവിളിച്ച് ഇദ്ദേഹം എത്തുന്നതും കാത്ത് നിരവധി കുടുംബങ്ങൾ കാത്തിരിക്കുന്നതും നിത്യ കാഴ്‌ചയായിരുന്നു. ആ വിളിയാണ് ഇപ്പോൾ നിലച്ചത്. അടിയുറച്ച സിപിഐ എം അനുഭാവിയായിരുന്നു ഇദ്ദേഹം. അന്ത്യാഞ്‌ജലിയർപ്പിക്കാൻ വിവിധ പ്രദേശങ്ങളിലൽനിന്നും ആളുകളെത്തി. പൊക്കേട്ടനോട് അത്രമേൽ ആത്‌മബന്ധം സ്ഥാപിച്ചവരായിരുന്നു അവർ ഓരോരുത്തരും. പൊതുദർശനത്തിന് ശേഷം തോട്ടുകര ശ്‌മശാനത്തിൽ സംസ്‌കരിച്ചു.








0 comments