പ്രകാശം പരക്കാൻ പ്രകാശ് ജയിക്കട്ടെ

ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി പ്രകാശ് കുമ്പഡാജെ പരപ്പ മണ്ണാപ്പിൽ വോട്ടർമാർക്കിടയിൽ
രജിത് കാടകം
Published on Nov 28, 2025, 02:30 AM | 1 min read
മാർപ്പനടുക്ക
രാധാക്കാ.. വോട്ട് കൊറുഡു. കുമ്പഡാജെ കുതിങ്കില മണ്ണാപ്പ് ഉന്നതിയിൽ വീടുകൾ കയറി വോട്ടഭ്യർഥന നടത്തവേ മണ്ണാപ്പിലെ രാധയോട് ബദിയടുക്ക ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി പ്രകാശ് കുമ്പഡാജെ ചോദിച്ചു. കൊറുഡു എന്നാൽ തുളുവിൽ വോട്ട് നൽകുമല്ലോ എന്നാണ് അർഥം. പുഞ്ചിരിയോടെയുള്ള ചോദ്യത്തിന് ഉള്ളുതുറന്ന ചിരിയോടെ മറുപടി. ആണ്ട്.. ഈ വർഷത വോട്ട് എൽഡിഫ്-ക്ക് (അതെ, ഇത്തവണ വോട്ട് ഇടതുപക്ഷത്തിനുതന്നെ). മരിക്കാന, തുപ്പക്കല്ല്, പരപ്പ, മണ്ണാപ്പ്, തുപ്പക്കല്ല് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഗോസാഡയിൽ എത്തിയതാണ് സ്ഥാനാർഥി. കുമ്പഡാജെ പത്താം വാർഡിലെ ഗോസാഡയിലെ വികസനം മാത്രം മതി എന്താണ് ഇടതുബദലെന്ന് ബോധ്യപ്പെടാൻ. വാർഡ് രൂപീകരണം മുതൽ യുഡിഎഫ് കൈയടക്കി ഒന്നും ചെയ്യാതിരുന്ന ഗോസാഡയിൽ എൽഡിഎഫിന് വാർഡ് ലഭിച്ച ശേഷം മാത്രമാണ് ഇവിടെ വികസനമെത്തിയത്. ബദിയടുക്ക ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ അവസ്ഥയും ഇതുതന്നെ. ജയിച്ചു പോകുന്ന ജില്ലാ പഞ്ചായത്തംഗം പിന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. ജില്ലയുടെ പൊതുവികസനം മുൻനിർത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഏറെ പ്രയാസപ്പെട്ടാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതും. സിപിഐ ബദിയടുക്ക മണ്ഡലം കമ്മിറ്റിയംഗവും പൊതുപ്രവർത്തന രംഗത്ത് സജീവമായുള്ള പ്രകാശ് കുമ്പഡാജെയുടെ വിജയം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ദീർഘകാലം ആർഎസ്എസ് നേതാവായിരുന്ന ലക്ഷ്മണൻ പെരിയടുക്ക തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ മുസ്ലിംലീഗിൽ ചേർന്ന് യുഡിഎഫ് സ്ഥാനാർഥിയായി. ജയിച്ചുപോയി പിന്നെ മണ്ഡലത്തിൽ ഒരു ഇടപെടലും നടത്താത്ത നിലവിലെ അംഗം ഷൈലജ ഭട്ടിന്റെ പ്രവർത്തനം ഇത്തവണ ബിജെപിക്കായി മത്സരിക്കുന്ന രാമപ്പയ്ക്ക് തിരിച്ചടിയാകും. നാടിന്റെ നന്മയ്ക്കും ഉയർച്ചയ്ക്കും പ്രകാശിന്റെ വിജയം അനിവാര്യമെന്ന് വോട്ടർമാർ ഒരേസ്വരത്തിൽ പറയുന്നു.








0 comments