മലകയറ്റത്തിൽ ആശങ്ക വേണ്ട
ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്

ശബരിമല
കിലോമീറ്ററുകളോളം മലകയറി സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും (ഐഎപി), പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും (പിആർപിസി) ചേർന്ന് നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർഥാടകർക്ക് വേദന സംഹാരിയാകുന്നത്. ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ ഫിസിയോ തെറാപ്പിസ്റ്റുകളുമാണ് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്. ദിവസം ശരാശരി നൂറിലധികം തീർഥാടകരാണ് ഇവിടെയെത്തുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ സേവനം ലഭ്യമാകും. ആരോഗ്യവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. നടുവേദന, കാൽമുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്സ് ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, മറ്റ് വ്യായാമങ്ങൾ എന്നിവ നൽകും.
Caption: സന്നിധാനം വലിയ നടപ്പന്തലിലെ ഫിസിയോതെറാപ്പി കേന്ദ്രം









0 comments