യുഡിഎഫ് കണ്‍വൻഷന്‍
യൂത്ത് കോണ്‍ഗ്രസുകാരും സ്ഥാനാര്‍ഥിയുമായി സംഘര്‍ഷം

തൊടുപുഴ
മുട്ടം പഞ്ചായത്ത് യുഡിഎഫ് കണ്‍വൻഷനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഞായര്‍ വൈകിട്ടാണ് സംഭവം. സ്ഥാനാര്‍ഥികളില്‍ ഒരാളുടെ ബന്ധുവും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയും തമ്മിലാണ് പ്രശ്‍നങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസുകാരും തമ്മിലായി. വാക്കേറ്റവും ഉന്തും തള്ളും കൈയാങ്കളിയിലേക്ക് നീങ്ങുന്നതിന് മുമ്പ് കൂടുതല്‍ പ്രവര്‍ത്തകരെത്തി പരിഹരിച്ചെന്നാണ് വിവരം. ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഇയാള്‍ ഒന്നിന് പുറകേ ഒന്നായി പ്രശ്‍നങ്ങള്‍ സൃഷ്‍ടിക്കുകയാണെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. നാളുകളായി മുട്ടം മണ്ഡലത്തില്‍ തുടരുന്ന വിഭാഗീയതയും അതിലൂന്നിയുള്ള അഭിപ്രായ ഭിന്നതയുമാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനോടും അദ്ദേഹം നിയോഗിച്ച പുതിയ മണ്ഡലം പ്രസിഡന്റിനോടും മുട്ടത്തെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതൃപ്‍തിയുണ്ട്. അകാരണമായാണ് മുൻ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് ഇവരുടെ പക്ഷം. ഞായറാഴ്‍ച സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥിയും പുതിയ പ്രസിഡന്റിനൊപ്പമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ കഴിഞ്ഞദിവസം മുട്ടം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ യുഡിഎഫ് വിമത സ്ഥാനാര്‍ഥിയെയും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റായ മുൻ മണ്ഡലം പ്രസിഡന്റിനെയും സി പി മാത്യുവിന്റെ നിര്‍ദേശപ്രകാരം പാര്‍ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയിലും മുട്ടത്ത് അതൃപ്‍തി നിലനില്‍ക്കുന്നു.









0 comments