മഴക്കാല ജാഗ്രതാനിർദേശവുമായി മൃഗസംരക്ഷണ വകുപ്പ്

പത്തനംതിട്ട.
കാലവർഷം എത്തുന്നതോടെ പശുക്കൾ അടക്കമുള്ള കന്നുകാലികളുടെയും വളർത്തുമൃഗങ്ങളുടെയും സംരക്ഷണകാര്യത്തിൽ കർഷകർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. കനത്ത മഴയും ഇടിമിന്നലുമുള്ളപ്പോൾ മൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്. തൊഴുത്തിൽ റബർ മാറ്റ് ഏർപ്പെടുത്തുന്നതുവഴി ഇടിമിന്നലേൽക്കാനുള്ള സാധ്യത കുറയും. ദിവസവും ജൈവമാലിന്യം നീക്കി അണുനാശിനി ഉപയോഗിച്ച് തീറ്റത്തൊട്ടിയും തൊഴുത്തും കഴുകണം. 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ് പൗഡറും മൂന്ന് ടീസ്‌പൂൺ അലക്കുകാരവും ചേർത്തോ അല്ലെങ്കിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചോ വേണം തറ വൃത്തിയാക്കാൻ.
പ്രധാന മഴക്കാല രോഗങ്ങളായ അകിടുവീക്കം, കുളമ്പ് ചീയൽ, മുടന്തൻപനി, പ്രോട്ടോസോവൽ അസുഖങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിലെ വെറ്ററിനറി സർജനെ അറിയിക്കണം. തീറ്റമടുപ്പ്, പനി, വയറിളക്കം, പാൽപ്പാദനക്കുറവ്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പഞ്ചായത്തിലെ വെറ്ററിനറി സർജന്റെ സഹായം തേടേണ്ടതാണ്. തീറ്റവസ്‌തുക്കൾ തണുത്ത കാറ്റോ ഈർപ്പമോ മഴച്ചാറ്റലോ ഏൽക്കാതെ നോക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ് പറഞ്ഞു.
മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അമ്പിളി തങ്കപ്പൻ അറിയിച്ചു. എല്ലാ ബ്ലോക്കിലും 1962 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ വെറ്ററിനറി ഡോക്ടർമാരുടെ രാത്രികാല സേവനം ലഭ്യമാണ്. കൺടോൾ റൂം നമ്പർ : 0468 2270908.










0 comments