ad
Deshabhimani

മുന്നറിയിപ്പുമായി സ്വകാര്യ ബസുടമകൾ

ജൂലൈയോടെ സ്വകാര്യബസുകൾ സർവീസ് നിർത്തിയേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 12:15 AM | 1 min read


പത്തനംതിട്ട
സ്‌ത്രീകൾക്ക്‌ സ‍‍ൗജന്യയാത്ര നൽകിയ യുഡിഎഫ്‌ സർക്കാർ സ്വകാര്യബസ്‌ വ്യവസായത്തെ തകർത്തുവെന്നും ജൂലൈയോടെ ജില്ലയിൽ 80 ശതമാനം ബസുകളും പ്രവർത്തനം നിർത്തേണ്ട സാഹചര്യത്തിലാണെന്നും ബസുടമകൾ.
ജില്ലയിൽ സർവീസ്‌ നടത്തുന്ന സ്വകാര്യബസുകളിൽ ഭൂരിഭാഗവും വലിയ നഷ്‌ടത്തിലാണ്. പ്രതിദിനം 10,000 രൂപ വരുമാനമുണ്ടായിരുന്ന ബസുകൾക്ക്‌ നിലവിൽ 5000–6000 രൂപയാണ്‌ വരുമാനം. ദിവസം 4000 മുതൽ 5000 രൂപവരെ നഷ്‌ടം സഹിച്ചാണ്‌ സർവീസ്‌ നടത്തുന്നതെന്ന്‌
ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്‌തിരുന്നവരിൽ 60 ശതമാനത്തോളം സ്ത്രീ യാത്രക്കാരായിരുന്നു. സൗജന്യയാത്ര നിലവിൽവന്ന ശേഷം ജില്ലയിലെ 80 ശതമാനം ബസുകൾക്കും പ്രവർത്തന ചെലവിനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഈ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ സർവീസ് നിർത്തിവയ്ക്കേണ്ടി വരും. സംസ്ഥാനത്ത് കെഎസ്ആർടിസി ആകെ നടത്തുന്ന ഓർഡിനറി ബസുകളിൽ ഏതാണ്ട് 70 ശതമാനവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ്. പത്തനംതിട്ടയിൽ ആകെ ബസുകളിൽ 63.20 ശതമാനവും സ്വകാര്യബസാണ്‌. ഇ‍ൗ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാകുന്ന സാഹചര്യമാണെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ആർ ഷാജികുമാർ, ജനറൽ സെക്രട്ടറി ലാലു മാത്യു, ട്രഷറർ അനീഷ്‌ ടി ഹസൻ, ബസ് ഓപ്പറേറ്റഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം മനോജ്‌ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


​പ്രധാന ആവശ്യങ്ങൾ

സ്വകാര്യ ബസുകൾ കിലോമീറ്ററിന്‌ 55 രൂപ വാടക നിശ്ചയിച്ച്‌ സർക്കാർ ഏറ്റെടുക്കണം. ജീവനക്കാരുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും അവർക്കുള്ള വേതനം ഉടമ നൽകുകയും ചെയ്യണം. ഇന്ധനവും നികുതികളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഉടമ വഹിക്കും. വരുമാനം അടിസ്ഥാനമാക്കി കേരളത്തിലെ താഴ്‌ന്ന വരുമാനക്കാരായ എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി സ‍ൗജന്യയാത്ര പരിമിതപ്പെടുത്തുക. എല്ലാ സ്വകാര്യബസുകളിലും ഇതേ സ‍ൗജന്യം നടപ്പാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home