ചക്കുളത്തുകാവ് പൊങ്കാല 4ന്

തിരുവല്ല
വിശ്വപ്രസിദ്ധമായ നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാതായി ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 4ന് പൊങ്കാല നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർന്നു. പുലർച്ചെ 4ന് നിർമാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചു ചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും.
തുടർന്ന് നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവം ഭദ്രദീപ പ്രകാശനം നടത്തും.
11ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമികത്വത്തിൽ പൊങ്കാല നേദിക്കും. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, മീഡിയ കോ ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Highlights: ഒരുക്കങ്ങൾ പൂർത്തിയായി









0 comments