പ്ലസ്‌വൺ പ്രവേശനം
ജില്ലയിൽ 16,922 സീറ്റുകൾ

പത്തനംതിട്ട
ജില്ലയിലെ നൂറുകണക്കിന് ഹയർസെക്കൻഡറി സ്‌കൂളുകളിലായി പ്ലസ്‌വണ്ണിനുള്ളത് 16,922 സീറ്റുകൾ. എച്ച്‌എസ്‌ഇയിലെ 14,702 സീറ്റും വിഎച്ച്‌എസ്‌ഇയിലെ 2,220 സീറ്റും ചേർന്നുള്ള കണക്കാണിത്. എച്ച്‌എസ്‌ഇയിൽ ആകെ 296 ബാച്ചാണുള്ളത്.
എസ്‌എസ്‌എൽസി പരീക്ഷയെഴുതിയ 9,225 കുട്ടികളിൽ 9,200 പേരാണ് ജില്ലയിൽ വിജയിച്ചത്. 99.73 ശതമാനം വിജയം നേടി ജില്ല ഒന്നാമതെത്തിയിരുന്നു. 4720 ആൺകുട്ടികളും 4,480 പെൺകുട്ടികളുമാണ് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 25 കുട്ടികൾ മാത്രമാണ് ഉന്നതപഠനത്തിന് യോഗ്യത നേടാതെപോയത്.
എന്നാൽ പ്ലസ്‌വണ്ണിലേക്കുള്ള മാർജിനിൽ സീറ്റ് വർധന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിലുണ്ടായ കാലതാമസം അധിക പ്ലസ് വൺ സീറ്റ് പ്രഖ്യാപനത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പത്താം ക്ലാസ് ഫലം വരുന്നതിനുമുമ്പേ മാർജിനിൽ സീറ്റ് വർധന അനുവദിച്ചിരുന്നു. താൽക്കാലിക ബാച്ച്, ഷിഫ്‌റ്റ് ചെയ്‌ത ബാച്ച് എന്നിവയിലും തീരുമാനം വരാനുണ്ട്. ജില്ലയിൽ ഏറ്റവുമധികം സീറ്റുള്ളത് സയൻസ് കോഴ്‌സിനാണ്. തൊട്ടുപിന്നിൽ കൊമേഴ്‌സും ഹ്യൂമാനിറ്റീസുമാണ്. വിഎച്ച്‌എസ്‌ഇയിൽ 1914 മെറിറ്റ് സീറ്റുകളും 306 മാനേജ്‌മെന്റ് സീറ്റുകളും ഉൾപ്പെടെയാണ് 2,220 സീറ്റുള്ളത്.
പ്ലസ്‌വൺ പ്രവേശന നടപടികൾ 25നാരംഭിക്കുമെന്നാണ് ഒൗദ്യോഗിക വിവരം. എന്നാൽ ഇതുസംബന്ധിച്ച് മാർഗനിർദേശം പുറത്തിറങ്ങിയിട്ടില്ല.










0 comments