കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധം
കീടനാശിനിക്കൊപ്പം മരുന്നും വിൽക്കും


അശ്വതി ജയശ്രീ
Published on Mar 11, 2026, 12:05 AM | 1 min read
പത്തനംതിട്ട
കേന്ദ്ര സഹകരണ മന്ത്രാലയത്തിനുകീഴിൽ കാർഷിക ആവശ്യങ്ങൾക്കുള്ള രാസവളങ്ങളും കീടനാശിനികളും വിൽക്കുന്ന പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ (പിഎസിഎസ്) വഴി ജീവൻരക്ഷാ മരുന്നുകൾ വിൽക്കാൻ കേന്ദ്രസർക്കാർ.
സഹകരണ മന്ത്രാലയത്തിന്റെ അപേക്ഷ അംഗീകരിച്ച് ആരോഗ്യ മന്ത്രാലയമാണ് പിഎസിഎസ് വഴി മരുന്ന് വിൽക്കാൻ "നിയന്ത്രിത' ലൈസൻസ് നൽകാമെന്നറിയിച്ച് ഉത്തരവിറക്കിയത്. പിഎം ജൻ ഒൗഷധി കേന്ദ്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കാനാണ് അനുമതി.
പൊതുജനാരോഗ്യത്തിനുതന്നെ വെല്ലുവിളിയാണ് കേന്ദ്രതീരുമാനമെന്ന് ഫാർമസിസ്റ്റ് സംഘടനകൾ പ്രതികരിച്ചു. വളങ്ങളും കീടനാശിനികളും കർഷകർക്ക് വിതരണം ചെയ്യാനും അതിന് സാമ്പത്തിക സഹായം ലഭ്യമാക്കാനുമാണ് പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ. ഫാർമസിസ്റ്റുകളുടെ സാന്നിധ്യമോ മേൽനോട്ടമോ ഇല്ലാതെ ജീവൻരക്ഷാ മരുന്നുകൾ വിൽപ്പന നടത്തുന്നതിന് ലൈസൻസ് നൽകാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ സർക്കുലറിലുള്ളത്. എന്നാൽ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട മരുന്നുകളടക്കം കീടനാശിനികൾക്കൊപ്പം സൂക്ഷിച്ച് വിൽക്കുന്നത് രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്നും കേരളത്തിലെ മരുന്ന് വ്യാപാരികളുടെ സംഘടന ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ പ്രസ്താവനയിൽ പഞ്ഞു. കേരളത്തിലെ സൊസൈറ്റികൾക്ക് ഇത്തരത്തിൽ ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്കും നിവേദനം നൽകിയതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ എൻ മോഹൻ, ജനറൽ സെക്രട്ടറി ആന്റണി തര്യൻ എന്നിവർ പറഞ്ഞു.
ഫാർമസിസ്റ്റുകളുടെ അഭാവമുണ്ടെന്ന വാദവും ആരോഗ്യമന്ത്രാലയം ഉയർത്തുന്നുണ്ട്. പദ്ധതികളും സേവനങ്ങളുമാകെ പ്രധാനമന്ത്രിയുടെ പേരിലാക്കാനുള്ള രാഷ്‌ട്രീയ നീക്കവും ഇതിന് പിന്നിലുണ്ട്. 30,000ത്തോളം മരുന്ന് വിതരണ/വിപണന സ്ഥാപനങ്ങളും 74,000ത്തോളം രജിസ്‌റ്റേഡ് ഫർമസിസ്റ്റുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം.










0 comments