ഓണസദ്യ "കോസ്റ്റ്‌ലി'യാണ്

പത്തനംതിട്ട
പച്ചക്കറിവില കുതിച്ചുയർന്നതോടെ ഇത്തവണ ഓണസദ്യ കഴിക്കാൻ അൽപ്പം പണം മുടക്കേണ്ടിവരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പലയിനങ്ങൾക്കും 30 രൂപ മുതൽ 50 രൂപ വരെ വർധനവാണുണ്ടായത്.
പച്ചമാങ്ങ, ഇഞ്ചി, നേന്ത്രക്കായ, നേന്ത്രപ്പഴം, സവാള, ബീൻസ്, ചേന, ചേമ്പ് അടക്കമുള്ളവയ്ക്കെല്ലാം വിലകൂടി. കിലോയ്ക്ക് 80 രൂപയായിരുന്ന ഇഞ്ചിവില 200 കടന്നത് മൂന്ന് ദിവസത്തിലാണ്. നേന്ത്രക്കായ വില 100ലെത്തിയപ്പോൾ നേന്ത്രപ്പഴത്തിന്റെ വില 80 കടന്നു. ഹോർട്ടികോർപ്പിലൂടെ പച്ചക്കറിവില പിടിച്ചുനിർത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാതെ പോയതാണ് വിലക്കയറ്റത്തിന് കാരണം. ഓരോ കടയിലും വ്യത്യസ്ത വിലയിലാണ് വിൽപ്പന നടക്കുന്നതെന്ന പരാതിയുമുണ്ട്.
കിറ്റ് കിട്ടാനില്ല
100 രൂപയ്ക്കും 200 രൂപയ്ക്കും കിട്ടുമായിരുന്ന പച്ചക്കറി കിറ്റായിരുന്നു സാധാരണക്കാരുടെ പ്രധാന ആശ്രയം. എന്നാൽ പച്ചക്കറിക്കടകളിൽ കിറ്റ് സമ്പ്രദായം ഏതാണ്ട് ഇല്ലാതായ സാഹചര്യമാണ്. ആവശ്യമുള്ളവ തൂക്കി വാങ്ങണമെന്നാണ് നിബന്ധന. ഇതോടെ ഒരു സദ്യയ്ക്കുള്ള പച്ചക്കറി വാങ്ങാൻ 500 രൂപയെങ്കിലും ചെലവിടേണ്ട സാഹചര്യമാകും.










0 comments