ad
Deshabhimani

പട്ടികവർഗ ഉന്നതികൾക്ക്‌ ഓണമില്ലേ സർക്കാരേ...?

ധനസഹായവുമില്ല, സ്‌പെഷ്യൽ കിറ്റുമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അശ്വതി ജയശ്രീ

Published on Aug 25, 2026, 12:05 AM | 1 min read

പത്തനംതിട്ട

"തിരുവോണത്തിന്‌ ഒരാഴ്ച മുമ്പ്‌ ഞങ്ങൾക്ക്‌ സർക്കാരിന്റെ 1,000 രൂപ കിട്ടുമായിരുന്നു. ഒപ്പം ഓണക്കിറ്റും. ഇത്തവണ രണ്ടുമില്ല. എല്ലാം കഴിഞ്ഞ്‌ കിട്ടിയാൽ എങ്ങനെ ഓണമാഘോഷിക്കാനാണ്‌. ഇനി സഹായം കിട്ടുമോ എന്നുതന്നെ അറിയില്ല'–റാന്നി അടിച്ചിപ്പുഴ പട്ടികവർഗ ഉന്നതിയിലെ വത്സല വാസുക്കുട്ടി പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം കൃത്യമായി കിട്ടിയിരുന്ന ഓണസമ്മാനം ഇത്തവണ ഇതുവരെ കിട്ടാത്ത വിഷമത്തിലാണ്‌ ജില്ലയിലെ വിവിധ ഉന്നതികളിലുള്ള നൂറുകണക്കിന്‌ മുതിർന്ന പ‍ൗരൻമാർ. 60 വയസ്‌ കഴിഞ്ഞവർക്ക് 1000 രൂപ നൽകുന്ന പദ്ധതി ഇ‍ൗ വർഷം ഓണം കഴിഞ്ഞാലും പൂർണമായും സർക്കാരിന്‌ നടപ്പാക്കാനാകില്ലെന്ന്‌ വ്യക്തം.

ജില്ലയിലെ ഏറ്റവും വലിയ ആദിവാസി ഉന്നതിയായ അടിച്ചിപ്പുഴയിൽ നാനൂറിലധികം കുടുംബങ്ങളാണുള്ളത്‌. ഇവിടെ മാത്രം 60 വയസ്‌ പിന്നിട്ട നൂറിലധികം പേരാണുള്ളത്‌. ഇ‍ൗ ഓണക്കാലത്ത് സംസ്ഥാനത്തെ 60 വയസിന് മുകളിലുള്ള 5,28,26,000 പട്ടികവർഗക്കാർക്ക് ഓണക്കോടി നൽകുമെന്നായിരുന്നു സതീശൻ സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ഇതിനായി തെരഞ്ഞെടുത്ത ഹാൻവീവ്‌ കൃത്യസമയത്തിന്‌ വസ്‌ത്രം നൽകാൻ കഴിയില്ലെന്ന്‌ അറിയിച്ചതോടെ 1000 രൂപ നൽകാമെന്ന്‌ തീരുമാനമായി. ചൊവ്വ മുതൽ ബാങ്ക്‌ അവധി ആരംഭിക്കുന്നതോടെ ഇ‍ൗ തുക ലഭിക്കാൻ ഓണം കഴിയുമെന്നുറപ്പ്‌. ബാങ്ക് അക്കൗണ്ടുള്ളവർക്ക് നേരിട്ടും അക്കൗണ്ടില്ലാത്തവർക്ക് അതത്‌ പ്രൊജക്ട് ഓഫീസർ/ട്രൈബൽ ഡവലപ്മെന്റ് ഓഫീസർമാർ തുക വിതരണം ചെയ്യണമെന്നുമാണ്‌ ഉത്തരവ്‌. എന്നാൽ ഇനി തുടർച്ചയായ നാലുദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധിയാകുന്നതോടെ വിതരണം പൂർണമായും മുടങ്ങും. എല്ലാ വർഷവും ഓണക്കാലത്ത്‌ കിട്ടിയിരുന്ന 1300 രൂപയുടെ സ്‌പെഷ്യൽ കിറ്റ്‌ ഇത്തവണ കിട്ടിയില്ലെന്നും പരാതിയുണ്ട്‌. റാന്നി, കോന്നി മണ്ഡലങ്ങളിലായി ആയിരത്തിലധികം പട്ടികവർഗ ഉന്നതികളാണ്‌ ജില്ലയിലുള്ളത്‌.

ജില്ലയിലെ പ്രധാന പട്ടികവർഗ ഉന്നതികൾ

അടിച്ചിപ്പുഴ–400ലധികം കുടുംബങ്ങൾ

ആവണിപ്പാറ–35

കാട്ടാത്തി–33

കോട്ടാംപാറ–22

അട്ടത്തോട്‌, മഞ്ഞത്തോട്‌, മൂഴിയാർ സായിപ്പിൻകുഴി, വേലാംപ്ലാവ്‌–320




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home