ഏത്തയ്‌ക്ക വാങ്ങാൻ പറ്റിയ സമയം
അടുത്ത ആഴ്ചയോടെ വിലവർധന

സ്വന്തം ലേഖിക
Published on Aug 22, 2025, 12:05 AM | 1 min read
പത്തനംതിട്ട
വേഗം ഏത്തയ്‌ക്ക വാങ്ങിയാൽ ഇത്തവണ കൈ പൊള്ളാതെ ഉപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാക്കാം. നഗരത്തിൽ പച്ച ഏത്തയ്‌ക്ക വില കിലോ 50 രൂപ. ഒരാഴ്ച കൂടി കഴിഞ്ഞാൽ വില ഇരട്ടിയിലധികം ആകുമെന്ന് കച്ചവടക്കാർ പറയുന്നു.
വയനാടൻ കായയ്‌ക്ക് അടക്കം ക്ഷാമമുള്ള സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്നും കർണാടകയിൽ നിന്നുമൊക്കെയാണ് പച്ചക്കായ കേരളത്തിലെത്തുന്നത്. വയനാടൻ കായുടെ ലഭ്യത കൂടിയാൽ വിലവർധന സാധാരണക്കാരെ സാരമായി ബാധിച്ചേക്കില്ല. ഏത്തപ്പഴം കിലോയ്ക്ക് 40 മുതൽ 45 രൂപയാണ് വിപണിവില.
വില ലിറ്ററിന് 350 രൂപയിൽ എത്തിയ വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ഉപ്പേരി മൊത്തകച്ചവടക്കാരും. ഉപ്പേരി കിലോയ്ക്ക് 800 മുതൽ 1000 വരെയും ശർക്കര വരട്ടിക്ക് 500 രൂപയുമാണ്. ഓണത്തോടനുബന്ധിച്ച് വില വീണ്ടും വർധിക്കും. ഏത്തയ്‌ക്ക വില കൂടിയാൽ ഇത് ഉപ്പേരി വിലയിലും പ്രതി-ഫലിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
വീഴരുതേ വ്യാജവെളിച്ചെണ്ണയിൽ
വെളിച്ചെണ്ണ വില വർധിച്ചതോടെ വ്യാജൻമാരും വിപണിയിലെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകളാണ് വകുപ്പ് നടത്തിയത്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. കേരസൂര്യ, കേരഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
ഓണക്കാല പരിശോധന ശക്തം
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന അടുത്ത ആഴ്ച മുതല്‍. ജില്ലയിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധനകള്‍ കര്‍ശനമാക്കുക. രാത്രികാല പരിശോധനയിൽ തട്ടുകടകളും പെടും.
മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, വഴിയോര ഭക്ഷണശാലകള്‍, ബേക്കിങ് യൂണിറ്റുകള്‍, കേറ്ററിങ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍മാരും മേഖലാ തലത്തില്‍ ഡെപ്യൂട്ടി കമീഷണര്‍മാരും നേതൃത്വം വഹിക്കും.









0 comments