ad
Deshabhimani

1854-ൽ റവ. ജോർജ് മാത്തന്റെ 
വീട്ടുവരാന്തയിൽ ഗ്രാമർ സ്കൂളായി തുടക്കം

മല്ലപ്പള്ളിയുടെ അക്ഷരമുത്തശി

CMS MALLAPPALLY

മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ

avatar
ആൽഫിൻ ഡാനി

Published on Jul 13, 2026, 12:15 AM | 1 min read


മല്ലപ്പള്ളി
"നിൽ ഡെസ്പരാണ്ടം' (nil desperandum)....കൽപടിക്കെട്ടുകൾ കയറി അക്ഷരമുറ്റത്തെത്തുമ്പോൾ ഇ‍ൗ ലാറ്റിൻ പദമാണ്‌ കണ്ണുകളിൽ പതിയുക. മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂളിന്റെ ചരിത്രത്തോട്‌ ചേർന്നുകിടക്കുന്ന ഇ‍ൗ പദം "പ്രതീക്ഷ കൈവെടിയരുത്' എന്നർഥം വരുന്നതാണ്‌.
172 വർഷത്ത ചരിത്രം പേറിനടക്കുന്ന അക്ഷരമുത്തശി മല്ലപ്പള്ളിയുടെ പൈതൃക സമ്പത്ത് കൂടിയാണ്. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1854-ലാണ്‌ ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്. ഇംഗ്ലണ്ടിൽ നിന്ന്‌ മിഷനറി പ്രവർത്തനത്തിനായി തിരുവിതാംകൂറിൽ എത്തിയ റവ. ജോസഫ് പീറ്റിന്റെ നേതൃത്വമാണ്‌ അതിന്‌ ഉ‍ൗർജം പകർന്നത്‌. ആംഗ്ലിക്കൻ സഭയിലെ ആദ്യ നാട്ടുപട്ടക്കാരനായ റവ. ജോർജ് മാത്തനാണ്‌ അന്ന്‌  സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുന്നത്. അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട മനുഷ്യരെ അടിമകളായി വിൽക്കുന്ന ചന്തകളിൽ നിന്ന്‌  അവരെ മോചിപ്പിക്കുവാനും വിദ്യാഭ്യാസം നൽകുവാനും അടിമ പള്ളിക്കുടം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു റവ. ജോർജ് മാത്തൻ. 1854-ൽ സ്വന്തം വീടിന്റെ വരാന്തയിൽ ഒരു ഗ്രാമർ സ്കൂൾ ആരംഭിച്ചാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ഇത് വികസിച്ച് സിഎംഎസ്‌ ഇംഗ്ലീഷ് മിഡിൽ സ്കൂളായും,  പിന്നീട് ഹൈസ്കൂളായും വളർന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ സിഎംഎസ് സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസവും ആധുനിക പഠനരീതികളും ഗ്രാമപ്രദേശങ്ങളിൽ എത്തിക്കുന്നതിൽ  നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
​19–ാം നൂറ്റാണ്ടിലെ സിഎംഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണ രീതിയായ കൊളോണിയൽ –-കേരള ശൈലിയിൽ ഇംഗ്ലീഷ് അക്ഷരം "E' ആകൃതിയിൽ നിർമിച്ച കെട്ടിടമാണ് സ്കൂളിന്റേത്. ചെങ്കല്ലും ചുണ്ണാമ്പും ഉപയോഗിച്ചാണ് പ്രധാന ഭാഗങ്ങൾ നിർമിച്ചിട്ടുള്ളത്. ഉയർന്ന മേൽക്കൂരയും വലിയ ജനലുകളും പ്രകൃതിദത്ത വായുസഞ്ചാരവും വെളിച്ചവും പരമാവധി ലഭിക്കുന്ന തരത്തിലായിരുന്നു നിർമാണം.
​ബിരുദക്കാരുടെ നാട് എന്നറിയപ്പെടുന്ന മല്ലപ്പള്ളിക്ക് ആ പേര്‌ ലഭിക്കാൻ നിർണായകസ്ഥാനം സ്കൂൾ വഹിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലും കായികരംഗങ്ങളിലും നിരവധി പ്രതിഭകളെ വാർത്തെടുത്ത വിദ്യാലയം ഇ‍ൗ പുതിയ കാലത്തും മികച്ച തലമുറകളെ സൃഷ്ടിക്കുവാൻ തല ഉയർത്തി നിൽക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home