വിമലിന് അധ്വാനത്തിന് ലഭിച്ച അംഗീകാരം

ആൽഫിൻ ഡാനി
Published on Jan 17, 2026, 12:05 AM | 1 min read
എഴുമറ്റൂര്‍
മികച്ച ക്ഷീരകര്‍ഷകനുള്ള (ജനറല്‍) സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്ഷീരകര്‍ഷകനായ വിമല്‍ വിനോദ്. ചിട്ടയായ രീതിയില്‍ പശുക്കളെ പരിപാലിച്ച് പാല് ഉൽപ്പാദനം നടത്തുന്നതുള്‍പ്പടെയുള്ള വിവിധ ഘടകങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചത്. എഴുമറ്റൂര്‍ സ്വദേശിയായ വിമലിന്റെ ഗോശാലയില്‍ 130 പശുക്കളാണുള്ളത്. 600 ലിറ്റര്‍ പാലാണ് ദിവസവും ഇവിടെനിന്ന് ലഭിക്കുന്നത്. 400 ലിറ്റര്‍ സമീപത്തുള്ള മില്‍മയില്‍ നല്‍കും. 200 ലിറ്ററോളം പാല്‍ സമീപ വീടുകളില്‍ നല്‍കും. ‘മില്‍ക്ക് എടിഎം' എന്ന പേരില്‍ വാഹനത്തില്‍ വിവിധ പ്രദേശങ്ങളില്‍ പാല്‍ വില്‍ക്കുന്നുണ്ട്. സ്ഥിരമായി വാങ്ങുന്നവര്‍ക്ക് കാര്‍ഡ് നല്‍കും. ഇത് റീചാര്‍ജ്ജ് ചെയ്ത് ആവശ്യാനുസരണം പാല്‍ വാങ്ങാം. ഫാമില്‍ ഉണ്ടാകുന്ന പശുകുട്ടികളെ സമീപ വീടുകളില്‍ സൗജന്യമായി വളര്‍ത്താന്‍ നല്‍കുകയും, അവ വളര്‍ന്ന് ചെന പിടിക്കുന്ന ഘട്ടത്തില്‍ നിശ്ചിത വില നല്‍കി തിരികെ വാങ്ങി ഫാമില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. മില്‍മ സബ്സിഡി നല്‍കുന്ന തീറ്റയും, സാധാരണ പുല്ലുമാണ് പശുക്കളുടെ തീറ്റ. മുഴുവന്‍ പശുക്കള്‍ക്കും ഒരേ തീറ്റയാണ് നല്‍കുന്നത്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ 14 പേരാണ് ഫാമില്‍ തൊഴിലെടുക്കുന്നത്. തൈര്, നെയ്യ് എന്നിവ ഓര്‍ഡര്‍ അനുസരിച്ച് ഇവിടുന്ന് തയ്യാറാക്കി നല്‍കുകയും ചെയ്യുന്നുണ്ട്. പശുക്കളെ കൂടാതെ നാല്‍പതോളം എരുമകളും, കോഴി, കല്‍ഗം, താറാവ്, മുയല്‍ തുടങ്ങിയവയും ഫാമിലുണ്ട്. 26 കാരനായ വിമല്‍ മെക്കാനിക്കല്‍ ഡിപ്ലോമ പഠനത്തിനുശേഷമാണ് ക്ഷീരമേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് തവണ മികച്ച ക്ഷീരകര്‍ഷകനുള്ള ജില്ലാ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. എഴുമറ്റൂര്‍ പൈക്കരയില്‍ ജി വിനോദ്കുമാര്‍, ശ്രീജ ആര്‍ നായര്‍ ദമ്പതികളുടെ മകനാണ്. ലക്ഷ്മി വി നായര്‍ സഹോദരിയാണ്. ഫാം വിപുലപ്പെടുത്തി സ്വന്തം പേരില്‍ നെയ്യ്, തൈര് എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ ഉൽപ്പാദിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് വിമല്‍ പറയുന്നു.










0 comments