അഴിമതിയിൽ മുങ്ങി പഴവങ്ങാടി പഞ്ചായത്ത്

റാന്നി
പഴവങ്ങാടി പഞ്ചായത്തിലെ മാർക്കറ്റ് നവീകരണത്തിന്റെ മറവിലും ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിപ്പ്. ഇട്ടിയപ്പാറ മാർക്കറ്റിലെ മത്സ്യവിൽപ്പന നടത്തിയിരുന്ന കെട്ടിടത്തിനുള്ളിലെ കരിങ്കലും മണ്ണും കമ്പികളും കടത്തി. കഴിഞ്ഞ ദിവസം രാവിലെ മുതൽ ടിപ്പർ ലോറികളിൽ മുകൾഭാഗം ടാർപോളിൻ ഉപയോഗിച്ച് മറച്ച് ഇവിടെനിന്ന് സാധനങ്ങൾ നീക്കം ചെയ്തിരുന്നു. കെട്ടിടനിർമാണത്തിന്റെ ഭാഗമായുള്ള വാഹനങ്ങളാണ് കടന്നുപോകുന്നതെന്നാണ് നാട്ടുകാർ കരുതിയത്. തുടർച്ചയായി ടിപ്പർ ലോറികൾ കടന്നുപോയതോടെ നാട്ടുകാർക്ക് സംശയമായി. തുടർന്ന് പ്രദേശവാസികളെത്തി സ്ഥലം നോക്കിയപ്പോഴാണ് ഇവിടെ മത്സ്യവിൽപ്പനശാലയുടെ മധ്യഭാഗത്തായുണ്ടായിരുന്ന കോൺക്രീറ്റ് പ്ലാറ്റ്ഫോം പൊളിച്ച് കമ്പികളും ഇവയുടെ അടിത്തറയിളക്കി കരിങ്കല്ലുകളും കടത്തിയതായി മനസിലായത്. മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കിയ കരിങ്കല്ലുകൾ വിൽപ്പനയ്ക്കായി കൂട്ടിയിട്ടിരിക്കുകയാണ്. ലോഡുകണക്കിന് മണ്ണും കൂട്ടിയിട്ടിരിക്കുന്നു. ഇവ കടത്താനുള്ള ടിപ്പർ ലോറിയും സമീപത്തുതന്നെ പാർക്ക് ചെയ്‌തതും കാണാം. നാട്ടുകാരിടപെട്ട് വെട്ടിപ്പ് തടയുകയും ചെയ്തു. പഞ്ചായത്ത് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ചേർന്നുള്ള തട്ടിപ്പാണ് നടത്തിയതെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി പ്രസാദ് എൻ ഭാസ്‌കരൻ പറഞ്ഞു.









0 comments