print edition നാലാം ദേശീയപുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് മമ്മൂട്ടി ഏറ്റുവാങ്ങുന്നു (ഇടത്), മികച്ച ഗായികയ്ക്കുള്ള പുരസ്കാരം രാഷ്ട്രപതിയിൽനിന്ന് വൈക്കം വിജയലക്ഷ്മി സ്വീകരിക്കുന്നു (വലത്)
ഗാന്ധിനഗർ: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിതരണംചെയ്തു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ‘ഭ്രമയുഗം’ സിനിമയിലെ കൊടുമൺ പോറ്റി, ചാത്തൻ പകർന്നാട്ടത്തിനാണ് അംഗീകാരം. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടിയെത്തിയത്.
മികച്ച നടനുള്ള മമ്മൂട്ടിയുടെ നാലാമത്തെ ദേശീയപുരസ്കാരമാണിത്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയെന്ന ബഹുമതി അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടിയും പങ്കിട്ടു. "രാജ്യത്തിന്റെ അംഗീകാരം ലഭിക്കുകയെന്നത് ഏതൊരു കലാകാരനും പ്രചോദനമാണ്.
ദീർഘമായ സിനിമായാത്രയിൽ പിന്തുണച്ച സംവിധായകരെയും എഴുത്തുകാരെയും ഒപ്പം അഭിനയിച്ചവരെയും നിർമാതാക്കളെയും ഇൗ വേളയിൽ ഓർക്കുന്നു. എല്ലാറ്റിനുമുപരി എന്നെ സ്നേഹിച്ച ജനങ്ങളെയും’ മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘ചന്തു ചാമ്പ്യൻ’ എന്ന സിനിമയിലൂടെ കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്കൊപ്പം പങ്കിട്ടു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമ' സംവിധായകൻ ഫാസിൽ മുഹമ്മദും ഛായാഗ്രാഹകനുള്ള പുരസ്കാരം ഷെഹ്‌നാദ് ജലാലും (ഭ്രമയുഗം) ഏറ്റുവാങ്ങി.
ക്യാപ്റ്റൻ മില്ലർ എന്ന സിനിമയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ധനുഷ് ഏറ്റുവാങ്ങി.ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം, പ്രശസ്‌ത കന്നഡ ചലച്ചിത്രതാരം അനന്ത്‌നാഗ് ഏറ്റുവാങ്ങി. ചരിത്രത്തിലാദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിക്കുപുറത്ത് നടക്കുന്നത്.








0 comments