print edition പരിസ്ഥിതിലോല പ്രദേശം: ജനകീയ മുന്നേറ്റമുണ്ടാകണം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല നിശ്ചയിച്ച കേന്ദ്ര കരട് വിജ്ഞാപനത്തിൽ നിലപാട് അറിയിക്കാത്ത സംസ്ഥാന സർക്കാർ അനാസ്ഥയ്ക്കെതിരെ രാഷ്‌ട്രീയഭേദമില്ലാതെ വലിയ ജനകീയ മുന്നേറ്റം ഉയരേണ്ടതുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അവസാനത്തെ കരട് കേന്ദ്രം ജൂലൈ 27 ന് പ്രസിദ്ധീകരിച്ചതാണ്.
സംസ്ഥാനം നിലപാട് അറിയിക്കേണ്ടത് 26 ന് മുമ്പാണ്. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ല. നാല് തവണ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഇക്കാര്യം പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് ഏക്കറിൽ പ്രവേശം നിഷേധിക്കുകയും പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുകയും ചെയ്യുന്ന പ്രശ്നമായിട്ടും ആ ഗൗരവത്തിൽ സർക്കാർ കാണുന്നില്ല.
ഏറ്റവും വലിയ നഷ്ടമുണ്ടാകുന്നത് കേരളത്തിനാണ്. 12 ജില്ലകളിലായി 9993.7 ചതുരശ്ര കി.മീ. ബാധിക്കും. ഇടുക്കിയിലെ 51 ഉൾപ്പെടെ 113 വില്ലേജുകളിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ വരും. ഇത്രയൊന്നും ഗുരുതരമായി ബാധിക്കാത്ത കർണാടകവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് നിലപാടെടുക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്.
വലിയ പ്രകൃതിക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ നൽകാമെന്ന് പറഞ്ഞ 10,000 രൂപയുൾപ്പെടെ ഒരു സഹായവും സർക്കാർ നൽകുന്നില്ല. കുട്ടനാട്ടിൽമാത്രം 40,000 അപേക്ഷകരുണ്ട്. കോട്ടയത്ത് വിവരം പോലും ശേഖരിച്ചിട്ടില്ല.
വൻതോതിൽ അഴിമതിയിലേക്ക് പോകുകയാണ് സംസ്ഥാനം. അവയെല്ലാം സിപിഐ എം പുറത്തുകൊണ്ടുവരും. പത്ത് വർഷം കേൾക്കാത്ത പവർ കട്ട് യുഡിഎഫ് സർക്കാർ തിരിച്ചുകൊണ്ടുവന്നു. 15ന് പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഫലമില്ല.
ചികിത്സാപിഴവ് നിരന്തരമായെന്ന് മാത്രമല്ല മരുന്നുപോലും കിട്ടാനില്ല. മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലാക്കി. റിപ്പോർട്ടർ ചാനൽ മാനേജ്‌മെന്റ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾക്ക് ആരും എതിരല്ല. ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.








0 comments