കാരിക്കേച്ചർ റെഡി
തെരഞ്ഞെടുപ്പങ്ങനെ കളറായി

മനു ഒയാസിസ് കാരിക്കേച്ചർ ചെയ്യുന്നു
എം സുജേഷ്
Published on Nov 27, 2025, 12:05 AM | 1 min read
പന്തളം
ചിത്രകാരനും ശില്പിയുമായ മനു ഒയാസിസിന്റെ പെരുമ്പുളിക്കലെ കളീക്കൽ തെക്കേതിൽ വീട്ടിലെത്തിയാൽ മുറി നിറയെ വിവിധ സ്ഥാനാർഥികളുടെ കാരിക്കേച്ചറുകളാണ്. ചെങ്കൊടിയും അരിവാൾ ചുറ്റികയും ചേർത്ത് വരച്ച എൽഡിഎഫ് സ്ഥാനാർഥികളുടെ ചിത്രങ്ങളും വിവിധ പാർടികളുടെ ചിഹ്നങ്ങൾ ചേർത്ത മറ്റ് സ്ഥാനാർഥികളുടെ കാരിക്കേച്ചറുമടക്കം ഈ വീടിന്റെ പൂമുഖത്തുണ്ട്.
പന്തളം നഗരസഭയിലെ 30ലധികം സ്ഥാനാർഥികളുടെ കാരിക്കേച്ചറുകൾ മുറിയുടെ ഭിത്തിയിൽ നിരന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാർഥികളായപ്പോൾ മുതൽ ദിവസവും വിവിധ പാർടികളുടെ രണ്ടും മൂന്നും സ്ഥാനാർഥികളുടെ കാരിക്കേച്ചറുകൾ വരയ്ക്കുകയാണ് ഈ കലാകാരൻ. പന്തളം നഗരസഭയിലെ ഓരോ ഡിവിഷനിലെയും പ്രമുഖ രാഷ്ട്രീയ പാർടികളുടെ സ്ഥാനാർഥി ചിത്രങ്ങൾ പൂർത്തിയാക്കുകയാണിപ്പോൾ. അടുത്ത 10 ദിവസത്തിനുള്ളിൽ നഗരസഭയിലെ 34 വാർഡിലെ സ്വതന്ത്രർ ഒഴികെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ 106 സ്ഥാനാർഥികളുടെ കാരിക്കേച്ചറുകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവിധ കളർ പേന കൊണ്ടാണ് കാരിക്കേച്ചർ ചെയ്യുന്നത്.
ഡിസംബർ ഏഴുമുതൽ ഒന്പതുവരെ പന്തളം ജങ്‌ഷനിൽ പൂർത്തിയാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കാനൊരുങ്ങുകയാണ് മനു. പ്രദർശനത്തിനുശേഷം സ്ഥാനാർഥികൾക്ക് കാരിക്കേച്ചർ നൽകാനും തയ്യാർ. കഴിഞ്ഞ 32 വർഷമായി ഈ മേഖലയിൽ അറിയപ്പെടുന്ന കലാകാരനാണ്. ശിൽപ്പി കൂടിയായ മനു ക്ഷേത്രങ്ങളിലെ കെട്ടുകാഴ്ചയ്ക്കായി 43 കാളത്തലകൾ കൊത്തിയെടുത്തിട്ടുണ്ട്. ഇപ്പോൾ കുരമ്പാല തെക്ക്- കിഴക്ക് ഭാഗം കരയ്ക്ക് വേണ്ടി പാലത്തടിയിൽ 19 അടി ഉയരമുള്ള പരശുരാമന്റെ ശിൽപ്പം ചെയ്യുകയാണ്. സൗമ്യയാണ് മനുവിന്റെ ഭാര്യ. വിദ്യാർഥികളായ മാനവ്, മാളവിക എന്നിവർ മക്കളാണ്
ചിത്രം 1 : മനു വരച്ച സ്ഥാനാർഥികളുടെ കാരിക്കേച്ചറുകൾ മുറിയിലെ ഭിത്തിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു
ചിത്രം - 2 മനു ഒയാസിസ് കാരിക്കേച്ചർ ചെയ്യുന്നു
Highlights: പൂർത്തിയാകുന്നത് 106 സ്ഥാനാർഥി ചിത്രങ്ങൾ









0 comments