പന്തളത്ത് വിമതശല്യത്തിൽ വലഞ്ഞ് ബിജെപി

എം സുജേഷ്
Published on Nov 22, 2025, 12:05 AM | 1 min read
പന്തളം
പന്തളം നഗരസഭയിലെ 22–ാം ഡിവിഷനിലെ വിമതശല്യം ബിജെപിയെ വലയ്‌ക്കുന്നു. ഇൗ വാർഡിൽ ബിജെപിയുടെ പ്രഖ്യാപിത സ്ഥാനാർഥി സൂര്യക്കെതിരെ ആദ്യം വിമതനായി മത്സരിക്കാൻ രംഗത്തിറങ്ങിയ ബിജെപി പന്തളം മണ്ഡലം സെക്രട്ടറി സുമേഷിന് അഞ്ചാം വാർഡിൽ സീറ്റ് നൽകി തൃപ്തിപ്പെടുത്തി കഴിഞ്ഞപ്പോഴാണ് പത്രിക നൽകേണ്ട അവസാന ദിനമായ വെള്ളിയാഴ്ച 22–ാം ഡിവിഷനിൽ പുതിയ വിമത സ്ഥാനാർഥി പത്രിക നൽകി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചത്. ബിജെപി മുൻ മുനിസിപ്പൽ പ്രസിഡന്റും നിലവിൽ ബിജെപി ജില്ലാ കമ്മിറ്റിയംഗവുമായ കൊട്ടേത്ത് ഹരിയെന്ന ജയചന്ദ്രനാണ് ജില്ലാ കമ്മിറ്റിയംഗസ്ഥാനം രാജിവെച്ച് വെള്ളിയാഴ്ച പുതിയ വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. 22–ാം ഡിവിഷൻ ബിജെപി പ്രാദേശിക ജില്ലാ നേതൃത്വത്തിന് കടുത്ത തലവേദനയായി. സുമേഷിന് പട്ടികജാതി ഡിവിഷനായ അഞ്ചിൽ സീറ്റ് നൽകി ഒതുക്കുകയായിരുന്നുവെന്ന ആക്ഷേപം ബിജെപി പ്രവർത്തകർക്കിടയിലുണ്ട്. 22–ാം ഡിവിഷനിൽ സുമേഷിനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു വാർഡ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ ബിജെപി ജില്ലാ നേതൃത്വം ഇത് വെട്ടി സൂര്യയ്ക്ക് സീറ്റ് നൽകുകയായിരുന്നുവെന്നാണ് ആക്ഷേപമുയർന്നത്.
21–ാം ഡിവിഷനിലും വിമത സ്ഥാനാർഥി പത്രിക സമർപ്പിച്ചു. പന്തളം നഗരസഭയിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ചെയർമാൻ ബെന്നി മാത്യുവിനെതിരെയാണ് ബിജെപി പ്രവർത്തകനായ ശ്രീകാന്ത് വെള്ളിയാഴ്ച പത്രിക നൽകിയത്. ഇവിടെയും വാർഡ് കമ്മിറ്റി താൽപ്പര്യങ്ങൾ മാനിക്കാതെയാണ് മറ്റൊരു വാർഡിൽനിന്നുള്ള ബെന്നി മാത്യുവിനെ 21ൽ സ്ഥാനാർഥിയാക്കിയതെന്ന ആക്ഷേപത്തിനിടെയാണ് വിമതൻ മത്സരിക്കാനിറങ്ങിയത്.
Highlights: ജില്ലാ കമ്മിറ്റിയംഗം രാജിവച്ചു
ഒരു വാർഡിൽ രണ്ട് വിമതൻ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് എതിരെയും വിമതൻ









0 comments