കോഴഞ്ചേരിക്ക് കുതിപ്പേകാൻ

അനിൽ കുറിച്ചിമുട്ടം
Published on Nov 27, 2025, 12:05 AM | 1 min read
കോഴഞ്ചേരി
തോട്ടപ്പുഴശേരി, അയിരൂർ, കോഴഞ്ചേരി, ചെറുകോൽ, കോയിപ്രം പഞ്ചായത്തുകളിലായി 58 വാർഡുകളും എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ.
പതിറ്റാണ്ടുകൾ യുഡിഫ് കുത്തകയായിരുന്ന കോഴഞ്ചേരി ഡിവിഷനിൽ കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫിന്റെ സാറാ തോമസായിരുന്നു ജില്ലാ പഞ്ചായത്തംഗം. ഈ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഡിവിഷനിൽ തുടക്കമായി. പത്തു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നത്. റോഡുകൾക്കുമാത്രമായി 8.64 കോടി രൂപയാണ് ഈ കാലയളവിൽ വിനിയോഗിച്ചത്. കൂടാതെ ഡിവിഷനിലെ സ്കൂളുകൾ, അങ്കണവാടി, ശുചിത്വം, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പദ്ധതികൾക്കും പണം വിനിയോഗിച്ചു. വർഷങ്ങളായി വികസനമുരടിപ്പ് നേരിട്ട ഡിവിഷനിൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായാകാനാണ് ചെറിയാൻ സി ജോൺ മത്സരിക്കുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുസേവനരംഗത്തെത്തിയ ചെറിയാൻ കോഴഞ്ചേരിയിലെ സ്ഥിരസാന്നിധ്യമാണ്. ഭാര്യ സാറാ തോമസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. നിലവിലെ ഡിവിഷനംഗവുമാണ്. യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് വരിക്കണ്ണാമലയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂരാണ് എൻഡിഎ സ്ഥാനാർഥി.









0 comments