ലൈഫ് ഞങ്ങൾക്ക് "ലൈഫ് '

ഓമല്ലൂർ ഐമാലി അരുൺ നിവാസിൽ രാജശേഖരൻ നായരും ഭാര്യ രാജമ്മയും വീടിനുമുന്നിൽ

അശ്വതി ജയശ്രീ
Published on Apr 02, 2026, 12:15 AM | 1 min read
പത്തനംതിട്ട
"ഞങ്ങൾ അഞ്ച് വീട്ടുകാരാണ് ഇവിടെ അടുത്തടുത്തുള്ളത്. എല്ലാവരും ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും ലഭിച്ചവരാണ്. ഇൗ വീട്ടിൽ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല'–ഓമല്ലൂർ ഐമാലി അരുൺ നിവാസിൽ രാജശേഖരൻ നായർക്ക് ലൈഫ് പദ്ധതി ഏറെ പ്രിയപ്പെട്ടതാണ്. കർഷകനായ അദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ രാജമ്മയുമാണ് വീട്ടിലുള്ളത്.
ഇവരുടെ വീടുൾപ്പെടെ അഞ്ച് വീടുകളാണ് ഒരേ പ്രദേശത്ത് ലൈ-ഫിൽ പൂർത്തിയായത്. എല്ലാവർക്കും സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള പണം പദ്ധതിയിലൂടെയാണ് ലഭിച്ചത്. "ഇൗ പദ്ധതി ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇൗ വീട്ടിൽ ഇരിക്കുമായിരുന്നില്ല.'–അഭിമാനത്തോടെ രാജശേഖരൻ പറയുന്നു.
ഫെബ്രുവരിയിൽ സംസ്ഥാനത്ത് അഞ്ചുലക്ഷം ലൈഫ് വീടുകൾ പൂർത്തിയായപ്പോൾ ജില്ലയിൽ പൂർത്തിയായത് 15,267 വീടുകളാണ്. അതിലൂടെ അടച്ചുറപ്പുള്ള, ചോരാത്ത, ഇഴജന്തുക്കൾ കയറാത്ത വീടെന്ന സ്വപ്നം യാഥാർഥ്യമായത് അരലക്ഷത്തോളം പേർക്കാണ്. ഒന്നാംഘട്ടത്തിൽ വിവിധ വകുപ്പുകൾ, സ്‌കീമുകൾ പ്രകാരം ആരംഭിച്ചതും പൂർത്തിയാകാത്തതുമായ 1,176 ഭവനങ്ങൾ പൂർത്തിയാക്കിയായിരുന്നു തുടക്കം. രണ്ടാംഘട്ടമായി ഭൂമിയുള്ള അർഹരായ ഭവനരഹിതരെ കണ്ടെത്തി 2,056 ഭവനങ്ങൾ നിർമാണം പൂർത്തിയാക്കി. മൂന്നാംഘട്ടമായി ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ തദ്ദേശ, പട്ടികജാതി പട്ടികവർഗ, ഫിഷറീസ് വകുപ്പുകളുടെ സഹായത്തോടെ ഭൂമിയനുവദിച്ച് ലൈഫ് മിഷൻ മുഖാന്തിരം 1,029 വീടുകൾ പൂർത്തിയാക്കി. ജില്ലയിൽ നാലായിരത്തിലധികം ഭവനങ്ങൾ നിർമാണത്തിലാണ്.
2020ൽ കണ്ടെത്തിയ 4,588 അർഹരായ ഗുണഭോക്താക്കൾക്ക് ഭവനനിർമാണം പൂർത്തിയാക്കി. അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി 91 ഗുണഭോക്താക്കൾക്കാണ് ജില്ലയിൽ വീടനുവദിച്ചത്. പിഎംഎവൈ (ഗ്രാമീൺ) അർഹരായി കണ്ടെത്തി കരാർ വച്ചവരിൽ 1,470 ഗുണഭോക്താക്കളും നഗരവിഭാഗത്തിലെ 2,067 ഗുണഭോക്താക്കളും ന്യൂനപക്ഷവിഭാഗത്തിലെ 1,337 ഗുണഭോക്താക്കളും ഇതിനകം ഭവനനിർമാണം പൂർത്തിയാക്കി. "മനസോടിത്തിരി മണ്ണ്' പദ്ധതി പ്രകാരം 49 സെന്റ് സ്ഥലം ലഭ്യമായതും പദ്ധതിക്ക് ഗുണം ചെയ്തു.










0 comments