കുടുംബശ്രീ വിഷു വിപണന മേള ഇന്നുമുതൽ

പത്തനംതിട്ട
വിഷുക്കണിയൊരുക്കാനും വിഷുസദ്യ തയാറാക്കാനുമുള്ള കാർഷികോൽപ്പന്നങ്ങളുമായി കുടുംബശ്രീ. തിരുവല്ല മുനിസിപ്പൽ മൈതാനത്ത് ശനി രാവിലെ 11ന് ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില കുടുംബശ്രീ വിഷുചന്ത ഉദ്ഘാടനം ചെയ്യും. 14 വരെയാണ് മേള.
മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമ, നഗര സിഡിഎസുകൾ ഉൾപ്പെടെ 58 കുടുംബശ്രീ സിഡിഎസുകളിലും ശനിമുതലാണ് വിഷു വിപണന മേളകൾ തുടങ്ങുക.
വിഷുക്കണി ഒരുക്കാൻ കിറ്റുകളും ലഭ്യമാകും. കുടുംബശ്രീയുടെ കീഴിലെ വനിതാ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവർഗങ്ങളുമാണ് വിൽപനയ്ക്കെത്തുക. കണിവെള്ളരി, പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കൂർക്ക, കാന്താരി, മുരിങ്ങക്കായ് തുടങ്ങി വിവിധയിനം പച്ചക്കറികൾ ലഭ്യമാകും. 30 ഓളം സൂക്ഷ്മസംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ഇനം ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവ ലഭ്യമാകുന്ന 25 സ്റ്റാളുകൾ ഉണ്ടാകും. കാർഷികോൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള ചുമതല അതത് സിഡിഎസുകൾക്കാണ്. മുൻവർഷങ്ങളിലെ വിഷുച്ചന്തകളിലൂടെ കർഷകർക്കും സംരംഭകർക്കും മികച്ച വരുമാനം നേടാനായിരുന്നു.










0 comments