നിസ്സാരനല്ല ചക്ക, ലക്ഷങ്ങൾ നേടാം

പി അനൂപ്
Published on Apr 17, 2026, 12:05 AM | 1 min read
റാന്നി
റബറിന്റെയും മറ്റ് കാർഷികോൽപ്പന്നങ്ങളുടെയും വിലയിടിവുമൂലം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന കാലത്ത് ചക്ക കൃഷിയിലൂടെ ലക്ഷങ്ങൾ നേടി പ്രകാശിന്റെ വേറിട്ട വിജയം. തന്റെ ഒരേക്കറിലുള്ള 250 പ്ലാവുകളിൽ നിന്നും രണ്ടര ലക്ഷം രൂപയാണ് ഈ വർഷം വരുമാനം ലഭിച്ചത്. ഉൽപ്പാദനച്ചെലവും മനുഷ്യാധ്വാനവും വളരെ കുറച്ചുമതിയെന്നതും മറ്റാരുടെയും സഹായമില്ലാതെ തന്നെ വരുമാനം എടുക്കാനാവുമെന്നതും പ്ലാവ് കൃഷിയുടെ പ്രത്യേകതയാണ്. ചക്കയ്ക്ക് ആവശ്യക്കാരേറിയതും കൃഷിയുടെ അനന്തസാധ്യത വർധിപ്പിക്കുന്നു.
റാന്നി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശാണ് പ്ലാവ് കൃഷിയിലൂടെ വരുമാനത്തിന് പുതിയ വഴി തെളിച്ചിരിക്കുന്നത്. ഒന്നരയേക്കർ റബർ പുരയിടം വെട്ടി മാറ്റിയപ്പോൾ മറ്റൊന്നും കൃഷിയിറക്കാൻ ആലോചന ഇല്ലായിരുന്നു. ഒരേക്കർ സ്ഥലത്ത് പ്ലാവ് കൃഷി ആരംഭിച്ചു. വിയറ്റ്നാം സൂപ്പർ ഏൽലി ഇനത്തിൽപ്പെട്ട പ്ലാവാണ് നട്ടത്. തൈ നട്ട് ഒരു വർഷമായപ്പോൾ മുതൽ കായ്ക്കാനും തുടങ്ങി. ആദ്യ വർഷങ്ങളിൽ ഉൽപാദനം കുറവായിരുന്നെങ്കിലും അഞ്ചാംവർഷം എത്തിയപ്പോൾ ഒരു തവണ 25 ചക്ക വരെ ഒരു പ്ലാവിൽ നിന്നും കിട്ടി തുടങ്ങി. ഒരു ചക്ക 12 കിലോ വരെ തൂക്കം വരും. നാടൻ പ്ലാവിൽനിന്നും വിപരീതമായി വർഷത്തിൽ മൂന്നുതവണ കായ്ക്കും. ഓരോ ചക്കയും വിളവെത്താൻ 90 ദിവസം വേണം. ഒരു കിലോ ചക്കയ്ക്ക് 40 രൂപയാക്കാണ് വിൽപ്പന നടത്തുന്നത്. മലപ്പുറത്തുനിന്നുള്ളവരാണ് തോട്ടത്തിലെത്തി ചക്ക കൊണ്ടുപോകുന്നത്. വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ് ഇവരുടെ ഉദ്ദേശം. പ്ലാവിന് അധികം ഉയരമില്ലാത്തതിനാൽ ചക്ക പറിക്കാൻ പോലും പ്രത്യേകിച്ച് ആളെ വയ്ക്കേണ്ട കാര്യമില്ല. എല്ലാം സ്വയം ചെയ്യാം. തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്നുമാണ് പ്ലാവ് കൃഷിക്കാവശ്യമായ പരിശീലനം കിട്ടുന്നത്. ഇടയ്ക്കിടെ ഇവർ തോട്ടത്തിലെത്തി പരിശോധന നടത്തി വേണ്ട നിർദേശം നൽകും. ഇതോടൊപ്പം കൃഷി പ്രോത്സാഹിപ്പിക്കാൻ അലവൻസും നൽകുന്നുണ്ട്. ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുകയാണെങ്കിലും ഇതിലും ലാഭം കിട്ടുമെന്നാണ് പ്രകാശ് പറയുന്നത്.









0 comments