റാന്നിയുടെ ഇടതുമനസല്ലേ, മാസ്

പി അനൂപ്
Published on Apr 06, 2026, 12:16 AM | 1 min read
റാന്നി
റാന്നിക്ക് കടന്നുവന്ന വഴി മറക്കാൻ പറ്റുമോ. ഇടതോരം ചേർന്ന് മൂന്നുപതിറ്റാണ്ട് പിന്നിട്ട വികസനവഴിലൂടെയുള്ള യാത്രയിൽ മലയോര നാടാകെ ഇന്ന് മാറിയിരിക്കുന്നു. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പ്രമോദ് നാരായണന്റെ പ്രചാരണം അവസാനലാപ്പിലെത്തുന്പോഴും കാണുന്നത് റാന്നിയുടെ ആ അടിയുറച്ച ഇടതുമനസിന്റെ തിരയിളക്കമാണ്. പ്രമോദ് നാരായണെ അടയാളപ്പെടുത്തിയ കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് സർക്കാർ അനുവദിച്ച വികസനപദ്ധതികളും റാന്നിയിലെ ജനങ്ങൾ നന്ദിപൂർവമാണ് സ്‌മരിക്കുന്നത്. പ്രമോദിനെ നെഞ്ചോടുചേർത്തുവെന്നതിന്റെ തെളിവായിരുന്നു പര്യടനകേന്ദ്രങ്ങളിൽ ലഭിച്ച സ്‌നേഹനിർഭരവും ആവേശകരവുമായ സ്വീകരണങ്ങൾ.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് പ്രചാരണരംഗത്തെ എൽഡിഎഫ് മുന്നേറ്റം. വനിതകളും വിദ്യാർഥികളും യുവജനങ്ങളും കർഷക– കർഷകത്തൊഴിലാളികളും തൊഴിലാളികളുമൊക്കെ അടങ്ങിയ സ്‌ക്വാഡുകൾ വീടുവീടാന്തരം കയറി സജീവമായി രംഗത്തുണ്ട്. ബൂത്തുതല കൺവൻഷനുകളും കുടുംബയോഗങ്ങളും വൻ ജനപങ്കാളിത്തോടെയാണ് ചേരുന്നത്. വികസനമാണ് എവിടെയും പ്രധാന ചർച്ചയെന്നത് എൽഡിഎഫിന്റെ മാർജിനുയർത്തുന്നു.
റാന്നിയുടെ മുഖച്ഛായ മാറ്റിയ പുനലൂർ– മൂവാറ്റുപുഴ റോഡിന്റെ പൂർത്തീകരണം ഏറ്റവും വലിയ നേട്ടമാണ്. വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച ഷീ റൈസ് പദ്ധതി, 23 കോടി രൂപ ചെലവഴിച്ച് 20 സർക്കാർ സ്‌കൂളുകൾ ഉന്നത നിലവാരത്തിലാക്കിയതുമൊക്കെ റാന്നി കണ്ടു. തുടർ വികസനത്തിനൊപ്പമാണ് ഞങ്ങളെന്ന് അവർ അടിവരയിട്ട് പറയുന്നു. അതേസമയം പ്രാദേശികനേതാക്കളെ പൂർണമായി അവഗണിച്ചുള്ള സ്ഥാനാർഥി പ്രഖ്യാപനമുണ്ടാക്കിയ ആലസ്യത്തിൽനിന്ന് യുഡിഎഫ് ക്യാന്പ് ഇതുവരെ ഉണർന്നിട്ടില്ല. മണ്ഡലത്തിന് പുറത്തുനിന്ന് ആളെയെത്തിച്ചായിരുന്നു ആദ്യഘട്ട അവരുടെ പ്രചാരണം. മണ്ഡലത്തിൽ ഒരാൾപോലുമില്ലാത്ത ട്വന്റി– ട്വന്റിക്കാണ് എൻഡിഎ സീറ്റു നൽകിയിരിക്കുന്നത്.









0 comments