ചൂട് കൂടുന്നു
ചെറുനാരങ്ങ വിലയും

പത്തനംതിട്ട സന്തോഷ് ജങ്ഷനിൽ വഴിയോരത്ത് നാരങ്ങ വിൽക്കുന്ന സ്ത്രീ
പത്തനംതിട്ട
ചൂടിൽ താൽക്കാലിക ആശ്വാസം നൽകുന്ന നാരങ്ങാവെള്ളം പോക്കറ്റ് കാലിയാക്കുന്നു. വിപണിയിൽ നാരങ്ങയ്ക്ക് വില വർധിച്ചതാണ് കാരണം. കിലോയ്ക്ക് വില 200 ആയതോടെ നാരങ്ങാവെള്ളത്തിനും വിലവർധന പ്രതീക്ഷിക്കാം.
നിലവിൽ ഒരു നാരങ്ങാവെള്ളത്തിന് 25 മുതൽ 40 രൂപ വരെ വില വാങ്ങുന്നവരുണ്ട്. വഴിയോരക്കച്ചവടക്കാർ നാരങ്ങ വിൽക്കുന്നത് കിലോയ്ക്ക് 180 രൂപയ്ക്കാണ്. കടകളിൽ ഇത് 200 ആണ്. ചൂടുകാലമായതോടെ ചെറുനാരങ്ങയുടെ ആവശ്യം കുതിച്ചുകയറുകയായിരുന്നു. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങയെത്തുന്നത്. വരവ് കുറഞ്ഞതോടെയാണ് വില വർധിച്ചത്.
നാരങ്ങയെ കൂടാതെ വിവിധ ഫലവർഗങ്ങൾക്കും വില കൂടിയിട്ടുണ്ട്. ചൂടുകാലത്ത് ഫലങ്ങളുടെ വിപണി സജീവമായതാണ് കാരണം. പുറത്തുനിന്നുള്ള വരവ് കുറഞ്ഞതും വിപണിവിലയെ ബാധിക്കുന്നുണ്ട്.
ജില്ലയിൽ ബുധൻവരെ 37 ഡിഗ്രി സെൽഷ്യസ് താപനില തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച രാവിലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് തിരുവല്ലയിലാണ്– 29.8 ഡിഗ്രി സെൽഷ്യസ്. അൾട്രാ വയലറ്റ് സൂചിക എട്ടായി തുടരുകയാണ്.
Caption: ചിത്രം ജെ കെ










0 comments