ശുചീകരണത്തിന്റെ ‘ആഴം’ തൊട്ടറിയിച്ച് റാന്നി

പി അനൂപ്
Published on Aug 10, 2025, 12:05 AM | 1 min read
റാന്നി
റാന്നിയിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പ്രത്യേകതയുണ്ട്. അത് വീടുകളിലും പൊതുവിടങ്ങളിലും ഒതുങ്ങുന്നില്ല. ആ ശുചീകരണത്തിന്റെ ‘ആഴം’ ജലസ്രോതസുകളും തൊട്ടറിയുന്നു. പ്രധാന നീർച്ചാലുകളായ തെക്കേപ്പുറം പുള്ളിക്കൽപടി തോട്, വെളിവയൽപടി പടിയറക്കടവ് തോട് എന്നിവയും ശുചീകരണ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. പൊതുവഴിയിടങ്ങളിലെ പ്ലാസ്‌റ്റിക് മാലിന്യം എല്ലാ മാസവും ഹരിതകർമസേന ശേഖരിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ റൂട്രോണിക്‌സ് ഇതിനുവേണ്ട പിന്തുണ നൽകുന്നു. സ്‌റ്റുഡൻസ് പൊലീസ്, എൻഎസ്എസ് യൂണിറ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ സേവനവും ലഭിക്കുന്നുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും കഴുകി വൃത്തിയാക്കുന്നു. പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് 25 ബോട്ടിൽബൂത്താണ് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ ക്യാമറയും സ്ഥാപിച്ച് തുടങ്ങി. മൂന്നുലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
ജില്ലയിൽ ഒന്നും സംസ്ഥാനത്ത് പത്താംസ്ഥാനത്തുമാണ് റാന്നിയിലെ ഹരിതകർമസേന. വീടുകളിൽ നിന്നുൾപ്പെടെയുള്ള പ്ലാസ്‌റ്റിക്ക് മാലിന്യം സംഭരിക്കുന്നതിന് വാർഡുതോറും മിനി എംസിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന മാലിന്യം പെരുമ്പുഴയിലെ 3000 ചതുരശ്ര അടി വിസ്‌തീർണമുള്ള വലിയ എംസിഎഫിലെത്തിച്ചാണ് ക്ലീൻ കേരളയ്‌ക്ക് കൈമാറുന്നത്. മാലിന്യ നീക്കത്തിന് ജില്ലാ പഞ്ചായത്ത് ഇലക്‌ട്രിക് ഓട്ടോറിക്ഷയും പഞ്ചായത്തിന് വാങ്ങിനൽകിയിട്ടുണ്ട്. മൂന്നുവർഷത്തിനിടെ 78 ടൺ പ്ലാസ്‌റ്റിക് മാലിന്യവും 12 ടൺ കുപ്പിച്ചില്ലും ക്ലീൻകേരളയ്‌ക്ക് കൈമാറി.
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയോരത്ത് മന്ദിരംപടിക്ക് സമീപം റാന്നി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന വഴിയിടം ജില്ലയിലെ തന്നെ ഒന്നാമത്തെ വഴിയിടമാണ്. ഹരിതകർമസേനയുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം. സംസ്ഥാനപാതയുടെ നടപ്പാതയിലെ കൈവരികളിൽ പൂച്ചട്ടിവയ്‌ക്കുന്നതിന് സന്നദ്ധ സംഘടനകളുമായി ധാരണയായിട്ടുണ്ട്. പെരുമ്പുഴ ടൗണിലും മറ്റും നിർമിച്ച പൂന്തോട്ടങ്ങൾ പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റി. തിരുവാഭരണപാത ചെടികൾവച്ച് ബെഞ്ച് സ്ഥാപിച്ച് ശബരിമല തീർഥാടകർക്കും യാത്രക്കാർക്കും വിശ്രമിക്കുന്നതിന് ഹാപ്പിനസ് ഡെസ്‌ക്കും സ്ഥാപിച്ചു. കൂട്ടായ പരിശ്രമമൊന്നു കൊണ്ടുമാത്രമാണ് റാന്നിയെ ക്ലീൻ പഞ്ചായത്താക്കി മാറ്റാനായതെന്ന് പ്രസിഡന്റ് കെ ആർ പ്രകാശ് പറഞ്ഞു.









0 comments