കേരള വികസന മാതൃകകളെ തകർക്കാൻ നീക്കം
പ്രതിരോധം തീർത്ത് എഫ്എസ്ഇടിഒ സായാഹ്നസദസ്

പത്തനംതിട്ട
കേരള വികസന മാതൃകകളെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധം തീർത്ത് എഫ്എസ്ഇടിഒ സായാഹ്നസദസുകൾ തുടങ്ങി. ധവളപത്രത്തിൽ കടത്തിന്റെ പേരുപറഞ്ഞു വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ കോർപ്പറേറ്റുകൾക്ക് സഹായകരമാകുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന ബജറ്റിൽ കേരളത്തിന്റെ പൊതുസമ്പത്തും പൊതുസേവനങ്ങളും കോർപറേറ്റുകൾക്ക് അടിയറവക്കുകയാണ്.
പത്തനംതിട്ട ഹെഡ് പോസ്‌റ്റ്‌ഓഫീസിനു മുന്നിൽ സദസ് എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് ബിജു ജി നായർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷമീദേവി, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ് വള്ളിക്കോട്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകിദാസ്, അജി എസ് കുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ദീപ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
അടൂർ കെഎസ്ആർടിസി കോർണറിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് കെ രവിചന്ദ്രൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ, എ ആർ നൗഷാദ്, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എം മിനി, എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച കോഴഞ്ചേരി, തിരുവല്ല, പഴവങ്ങാടി എന്നിവിടങ്ങളിലും വെള്ളിയാഴ്‌ച കുളനട, വടശേരിക്കര, മല്ലപ്പള്ളി, പന്തളം എന്നിവിടങ്ങളിലും 13ന് ഓമല്ലൂർ, കടമ്പനാട്, പുല്ലാട്, 14ന് ഇലവുംതിട്ട, കോന്നി, കുന്നന്താനം, 15ന് കുമ്പഴ, പഴകുളം, നെടുമ്പ്രം, പെരുനാട്, വള്ളിക്കോട് എന്നിവിടങ്ങളിലും സായാഹ്നസദസുകൾ ചേരും.








0 comments