മെസിയും റൊണാൾഡോയുമെത്തി...
അടിച്ചേ... "ഫ്ലക്‌സ്' ഗോൾ...

സ്വന്തം ലേഖിക
Published on Jun 07, 2026, 12:05 AM | 1 min read
പത്തനംതിട്ട
വള്ളിക്കോട് കൊച്ചാലുംമൂട്ടിൽ മെസിയെത്തി... കഴിഞ്ഞ തവണത്തെ ലോകകപ്പും കൈയിലേന്തിയാണ് കലക്കൻ നിൽപ്പ്. 15 അടി പൊക്കത്തിലെ കട്ടൗട്ട്. കുലശേഖരപതിയിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ടീമും. പന്നിവേലിച്ചിറയിൽ നെയ്‌മറും സംഘവുമുണ്ട്. കാലിൽ കയറിയ പന്തുമായി ഓടിക്കയറി എതിർടീമിന്റെ പ്രതിരോധം പൊളിച്ച് ഗോൾവല കുലുക്കി ഗ്യാലറിയിൽ ആവേശം നിറയ്‌ക്കുന്ന ദിവസങ്ങൾ ഇങ്ങരികെ.
ലോകകപ്പ് ഫുട്‌ബോളിന് നാലുദിവസം മാത്രം ശേഷിക്കെ കാൽപ്പന്തിന്റെ രാജാക്കൻമാരുടെ ഗോളാരാവത്തിന് കാതോർക്കാൻ ജില്ലയുമൊരുങ്ങി. അർജന്റീനയും ബ്രസീലും പോർച്ചുഗലും സ്‌പെയിനും ജർമനിയുമെല്ലാം ആരാധകൾ ഫ്ലക്‌സിൽ ആവാഹിച്ചുകഴിഞ്ഞു.
ക്ലബുകളും വ്യക്തികളും സംഘടനകളും നാട്ടുകൂട്ടായ്മകളും മത്സരിച്ചാണ് ഫ്ലക്സ് വയ്ക്കുന്നത്. ആരാണ് ഏറ്റവും ഉയരത്തിൽ ഫ്ലക്സ് സ്ഥാപിക്കുകയെന്നതാണ് കപ്പെടുക്കുന്നതിലും വലിയ മത്സരം. മൂന്ന് വർഷം മുമ്പ് വച്ചതിനെ വെല്ലുംവിധമാണ് ഇത്തവണത്തേത് പലയിടത്തും സ്ഥാപിച്ചത്.
കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് അവസാന ലോകകപ്പാണ്. അതിനാൽ തന്നെ ആരാധകർക്ക് ആവേശമേറും. 11ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന മത്സരങ്ങൾ ഉറക്കമിളച്ച് കാണാനുള്ള തയാറെടുപ്പിലാണ് കൊച്ചുകേരളം. ഇതിനായി ക്ലബുകളുടെയും മറ്റും നേതൃത്വത്തിൽ പ്രൊജക്ടർ ഉപയോഗിച്ചുള്ള പ്രദർശനവും ഉണ്ടാകും.
മെസിയും റൊണാൾഡോയും കൂടാതെ നെയ്‌മർ, എംബാപെ, ജൂലിയൻ അൽവാരെസ്, പെഡ്രി, യമാൽ തുടങ്ങി ആരാധകവൃന്ദമുള്ള നിരവധിതാരങ്ങൾ ഇത്തവണത്തെ ലോകകപ്പിൽ കാൽപന്ത് തട്ടും.










0 comments