ad
Deshabhimani

തണുത്തു വിറങ്ങലിക്കുന്നു

എന്നു തീരുമീ ദുരിതം...

Photo

ക്യാമ്പിലും വെള്ളം...തിരുവല്ല പെരിങ്ങര പിഎംവി സ്‌കൂളിലെ ക്യാമ്പിൽ വെള്ളം കയറിയതിനെ തുടർന്ന് സ്റ്റേജിലേക്ക് മാറിയ കുടുംബങ്ങൾ.ഇഴജന്തുക്കളെ ഭയന്നാണ് ക്യാമ്പിലുള്ളവർ കഴിയുന്നത്. ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Aug 05, 2026, 12:05 AM | 2 min read

തിരുവല്ല

ഏറിയും കുറഞ്ഞും ജലനിരപ്പ് നാലു ദിനങ്ങളായി തുടരുമ്പോൾ തിരുവല്ലയിലെ ജനങ്ങൾ തണുത്ത്‌ വിറങ്ങലിക്കുകയാണ്‌. സ്വയം പഴിക്കുന്നു എന്ന്‌ തീരുമീ ദുരിതം. ഏറെ ദുരിതം നേരിടുന്നത് തിരുവല്ല താലൂക്കിലാണ്. ആറായിരത്തിലധികം വീടുകൾ വെള്ളത്തിനടിയിലാണ്. പമ്പയും, മണിമലയും കര കവിഞ്ഞൊഴുകിയപ്പോൾ ഇവിടം കിഴക്കൻ വെള്ളത്താൽ നിറഞ്ഞു. പെട്ടന്ന് ജലനിരപ്പ് ഏറി വന്നതിനാൽ പലരുടെയും വീട്ടുപകരണങ്ങൾ മാറ്റാനാവാതെ നശിച്ചു. കടപ്ര, നിരണം, നെടുംമ്പ്രം, പെരിങ്ങര, കുറ്റൂർ, ഇരവിപേരൂർ, കോയിപ്രം പഞ്ചായത്തുകളെ പ്രളയജലം കാര്യമായി ബാധിച്ചു. മലവെള്ളപ്പാച്ചിലിൽ കാട്ടുപന്നിയും ഉഗ്രവിഷമുള്ള ഇഴജന്തുക്കളും ഒഴുകിയെത്തിയിട്ടുണ്ട്. 86 ദുരിതാശ്വാസ ക്യാമ്പുകളിലായി 5388 പേരാണ് കഴിഞ്ഞു കൂടുന്നത്. 1665 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചത്. ബാക്കിയുള്ളവർ ബന്ധുവീടുകളിൽ അഭയം തേടി. ചില ക്യാമ്പുകളിൽ ദിനചര്യകൾക്ക് പോലും വേണ്ടത്ര സൗകര്യങ്ങളില്ല. വളരെ ചുരുക്കം ചില ക്യാമ്പുകൾ മാത്രമാണ് നന്നായി പ്രവർത്തിക്കുന്നത്. മിക്ക ഇടങ്ങളിലും ഭക്ഷണമോ, കുടിവെള്ളമോ, ആവശ്യത്തിന് ലഭിക്കുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്. കിടക്കാൻ പായില്ലാതെ മുതിർന്നവർ തറയിലും ബെഞ്ചിലും കഴിയുന്നതും കാണാം. ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ഇരവിപേരൂർ (15), കോയിപ്രം- (13) വില്ലേജുകളിലാണ്. തിരുവല്ല വില്ലേജിൽ 10, കാവുംഭാഗത്ത് 9, കുറ്റൂരിൽ 8, കടപ്രയിൽ 7, പെരിങ്ങരയിൽ 5, തോട്ടപ്പുഴശേരി, കവിയൂർ 4 വീതം, കുറ്റപ്പുഴയിൽ മൂന്നും നെടുംമ്പ്രം വില്ലേജിൽ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. തിരുവല്ല - അമ്പലപ്പുഴ റോഡിൽ നെടും ബ്രത്ത് വെള്ളം കയറിയതിനാൽ നിർത്തിവച്ച ബസ് സർവീസുകൾ നാലാം ദിവസവും പുനരാരംഭിച്ചിട്ടില്ല. എം സി റോഡിൽ കുറ്റൂരിനും തിരുമൂലപുരത്തിനുമിടയിൽ തൽസ്ഥിതി തുടരുകയാണ്. വെള്ളത്താൽ ഗതാഗത തടസവും തുടരുന്നു.


ഏറ്റവും കൂടുതൽ പേർ എംജിഎം ക്യാമ്പിൽ

​തിരുവല്ല

ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പ് തിരുവല്ല എംജി എം ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവർത്തിക്കുന്നത്. 139 കുടുംബങ്ങളിലെ 402 പേരാണ് ഇവിടെ കഴിയുന്നത്. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന നെടുംമ്പ്രം പഞ്ചായത്തിലെ ക്യാമ്പും ചൊവ്വാഴ്ച രാവിലെ ഇവിടേക്ക് മാറ്റി. കാവുംഭാഗത്ത് സ്കൂളിന് ചുറ്റും ജലനിരപ്പ് ഉയർന്നതിനാൽ ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതുമൂലമാണ്‌ ക്യാമ്പ് എം ജി എമ്മിലേക്ക് മാറ്റിയത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് രണ്ട്‌ കെഎസ്ആർടി സി ബസുകൾ എത്തിച്ചാണ് ക്യാമ്പിലുള്ളവരെ മാറ്റിയത്. നഗരസഭാ പരിധിയുള്ള 17-ാം വാർഡിലുള്ള 89 കുടുംബങ്ങളെ മാറ്റിപാർപ്പിച്ച തിരുമൂലപുരം എസ്എൻ വി ഹൈസ്കൂളിലാണ് രണ്ടാമത് ഏറ്റവും കൂടുതൽ പേരുള്ളത്. 285 പേരാണിവിടെ കഴിയുന്നത്. പരുമല, അടുമ്പട, പള്ളി കോളനി, ഞവനാകുഴി എന്നിവിടങ്ങളിലുള്ളവരാണിവർ. പരുമല കെവിഎൽപി സ്കൂളിൽ 62 കുടുംബങ്ങളിലെ 224 പേരും തിരുവല്ല ഡയറ്റിൽ 41 കുടുംബങ്ങളിലെ 164 പേരും മഞ്ഞാടി മാർത്തോമാ സേവികാ സംഘം സ്കൂളിൽ 46 കുടുംബങ്ങളിലെ 159 പേരും, കോട്ടയിൽ എം ടി എൽപിഎസിൽ 42 കുടുംബങ്ങളിലെ 157 പേരും കഴിയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home