ad
Deshabhimani

കർഷക പുരസ്കാരം

പരിമിതി മറന്ന്‌ മണ്ണിലിറങ്ങിയ വർഗീസിനിത്‌ ഇരട്ടിമധുരം

Varghese
avatar
പി അനൂപ്‌

Published on Aug 14, 2025, 12:05 AM | 1 min read

റാന്നി

പോളിയോ ശരീരത്തെ ബാധിച്ചെങ്കിലും വർഗീസ് തോമസ് എന്ന മനുവിന്റെ മണ്ണിനോടും കൃഷിയോടുമുള്ള ഇഷ്‌ടം ഇല്ലാതായില്ല. ഇന്നിതാ ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച കർഷകനായി കൃഷിവകുപ്പിന്റെ പ്രഥമ പുരസ്കാരം സ്വന്തമാക്കി ആ ഇഷ്‌ടം കൂടുതൽ വളർന്നിരിക്കുന്നു. കൃഷിവകുപ്പ്‌ ബുധനാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോളാണ്‌ വെച്ചുച്ചിറ അരിപറമ്പിൽ വർഗീസ് തോമസ് (മനു തോമസ്) ഭിന്നശേഷി കർഷകനുള്ള പ്രഥമപുരസ്കാരം നേടി ജില്ലയ്ക്ക്‌ അഭിമാനമായത്‌. പരിമിതികളെ വെല്ലുവിളിയായി കണ്ട്‌ കഴിഞ്ഞ ഒരു ദശാബ്ദകാലമായി കർഷകനായി ജീവിക്കുകയാണ്‌ മനു. കഴിഞ്ഞ വർഷം മകൻ ഏബൽ തോമസ് മികച്ച കുട്ടികർഷകനുള്ള പുരസ്കാരം നേടിയിരുന്നു. ഇത്തവണ അംഗീകാരം അച്ഛനെയും തേടിയെത്തിയെന്ന പ്രത്യേകതയുണ്ട്‌. വെച്ചൂച്ചിറ കൃഷിഭവന്റെ പരിധിയിൽ വരുന്ന 6.5 ഏക്കർ സ്ഥലത്ത് 10 വർഷമായി സമ്മിശ്ര കൃഷി ചെയ്യുകയാണ്‌ മനു. 700ഓളം വാഴയും നാൽപ്പതോളം പ്ലാവുമടക്കം പഴം, പച്ചക്കറി, സുഗന്ധവിളകളുടെയെല്ലാം കൃഷിയുണ്ട്‌.

മാവ്, പപ്പായ, കൈതച്ചക്ക, സപ്പോട്ട, മുള്ളാത്ത, സീതപ്പഴം, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ, അബിയു, ഡൂറിയാൻ എന്നീ ഫലങ്ങൾ, സുഗന്ധവിളകളായ ഏലം, വാനില, ഇഞ്ചി, ജാതി, കുരുമുളക്, മഞ്ഞൾ, കുടംപുളി, പച്ചക്കറികളായ ചീര, വെണ്ട, വഴുതന, മുളക്, ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ, കിഴങ്ങ് വർഗത്തിൽപ്പെട്ട ചേന, ശീമ ചേമ്പ്, ചെറു ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ എന്നിവയും കശുമാവ്, റബ്ബർ, കാപ്പി, തെങ്ങ് ഉൾപ്പെടെയുള്ള തോട്ടവിളകളും കൃഷി ചെയ്ക്കുവരുന്നു.

മനുവിന്റെ മാതാപിതാക്കളായ എ വി തോമസ്, അന്നമ്മ തോമസ് എന്നിവരും മികച്ച കർഷകരാണ്. ഭാര്യ മിനി തോമസിന്റെയും മക്കൾ ഏബൽ തോമസ്, അനു തോമസ്, നിയ തോമസ് എന്നിവരുടെയും പിന്തുണയും മനുവിന്റെ ഇ‍ൗ നേട്ടത്തിന്‌ പിന്നിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home