നട്ടു... ഭാവിക്കായൊരു മരം

പത്തനംതിട്ട
ലോകപരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടീലും നടത്തി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ജില്ലാ കമ്മിറ്റി ഓഫീസിൽ മരത്തൈ നട്ടു.
പ്രകൃതിയെ തൊട്ടറിഞ്ഞ് എസ്‌എഫ്ഐ
തിരുവല്ല
"പ്രകൃതിയെ തൊട്ടറിയാം' എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ സംഘടിപ്പിച്ച പരിസ്ഥിതിദിന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ലയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം കിരൺ അധ്യക്ഷനായി.
ക്യാമ്പസുകളിലേക്ക് വൃക്ഷവണ്ടി, സെമിനാറുകൾ, മാസ് ക്ലീനിങ്, മഴനടത്തം, വൃക്ഷത്തൈ നടീൽ എന്നിങ്ങനെ വിപുലമായ പരിസ്ഥിതിദിന പരിപാടികൾ ആണ് ജില്ലയിൽ സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ കാൽലക്ഷം തൈ നട്ടു
പത്തനംതിട്ട
"പ്രകൃതിയോടൊത്ത്, നല്ല കാലാവസ്ഥക്കായ് നമ്മുടെ ഭാവിക്കായി' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ 25,000 വൃക്ഷ തൈ നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.
പത്തനംതിട്ടയിൽ സാമൂവേൽ മാർ ഐറേനിയസ് പരിസ്ഥിതിദിനം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്യാം രാജ്, അജ്മൽ റഹീം എന്നിവർ പങ്കെടുത്തു. ജില്ലയിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റ ഭാഗമായി യൂണിറ്റ് കമ്മിറ്റുകളുടെയും മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ പൊതുയിടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കുളങ്ങൾ, തോടുകൾ എന്നിവ വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്യും.
കേരളാ കോൺഗ്രസ് എം സംസ്കാരവേദി
100 കേന്ദ്രങ്ങളിൽ തൈ നട്ടു
കോഴഞ്ചേരി
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
സംസ്ഥാനവ്യാപകമായി 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടീൽ, ക്യാഷ് അവാർഡ് വിതരണം, കവിയരങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കോഴഞ്ചേരി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. സാമൂവൽ മാർ ഐറേനിയോസ് തിരുമേനി പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു. തുടർന്ന് കവിയരങ്ങും അരങ്ങേറി. ചടങ്ങിൽ സംസ്കാരവേദിയുടെയും കേരളാ കോൺഗ്രസ് എമ്മിന്റെയും പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.










0 comments