ശക്തമായി എൽനിനോ
ആഗസ്തിൽ 62 ശതമാനം അധികമഴ

സ്വന്തം ലേഖിക
Published on Sep 02, 2026, 12:05 AM | 1 min read
പത്തനംതിട്ട
എൽനിനോ പ്രതിഭാസം ജൂൺ, ജൂലൈ മാസങ്ങളിൽ കാലവർഷത്തെ ദുർബലമാക്കിയെങ്കിലും ആഗസ്തിൽ പെയ്തത് ശക്തമായ മഴ. ആഗസ്ത് ഒന്നുമുതൽ 31 വരെയുള്ള കണക്കുപ്രകാരം 343.5 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 557.5 മിമീ മഴയാണ്.
ഇക്കാലയളവിൽ സംസ്ഥാനത്താകെ പെയ്തത് 15 ശതമാനം അധികമഴയാണ്. 14 ജില്ലകളിൽ ഏറ്റവുമധികം മഴ പെയ്തതും പത്തനംതിട്ട ജില്ലയിലാണ്. കാലവർഷ സീസണായ ജൂൺ ഒന്നുമുതൽ ആഗസ്ത് 31 വരെ 1321.5 മില്ലീമീറ്റർ മഴയാണ് പെയ്തത്.
ആഗസ്ത് ആദ്യവാരം മഴ ശക്തി പ്രാപിച്ചിരുന്നു. ജില്ലയിൽ റാന്നി, കോന്നി, ആറന്മുള, തിരുവല്ല മണ്ഡലങ്ങളെയാകെ മിന്നൽ പ്രളയം ബാധിക്കുകയും ചെയ്തു. 2023 എൽനിനോ വർഷത്തിൽ 87 ശതമാനം മഴക്കുറവും 2015ൽ 48 ശതമാനം മഴക്കുറവുമാണ് ആഗസ്തിൽ രേഖപ്പെടുത്തിയത്. ഇതിലാണ് ഇത്തവണ മാറ്റമുണ്ടായത്. ബംഗാൾ ഉൾക്കടലിനുപുറമെ അറബിക്കടൽ, പടിഞ്ഞാറൻ പസഫിക് സമുദ്രം എന്നിവ അനുകൂലമായതോടെ ആഗസ്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചതാണ് കാരണം.
സെപ്തംബറിൽ ചൂട് കൂടും
സെപ്തംബർ മാസം ജില്ലയിൽ സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എൽനിനോ ശക്തമായി തുടരുന്നതാണ് കാരണം. ഇത് ചൂട് വർധിക്കാനും കാരണമാകും. പകൽ താപനില 32 ഡിഗ്രി കടന്നതായാണ് അനൗദ്യോഗിക കണക്ക്.
ജില്ലയിൽ കഴിഞ്ഞ മെയിൽ പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ കടന്ന സാഹചര്യമുണ്ടായിരുന്നു.










0 comments