നാടിന്റെ നായകനായി മോഹനൻ കൊച്ചാട്ടൻ

ഷാഹീർ പ്രണവം
Published on Dec 02, 2025, 12:05 AM | 1 min read
കോന്നി
നാട്ടുകാരുടെ മോഹനൻ കൊച്ചാട്ടന് വിശ്രമമില്ല. എങ്ങും തോറ്റ ചരിത്രവുമില്ല. പ്രമാടം പഞ്ചായത്ത് 20–ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കെ എം മോഹനൻ നാട്ടുകാർക്ക് മോഹനൻ കൊച്ചാട്ടനാണ്. പ്രമാടം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തുടർച്ചയായി മത്സരിച്ച് വിജയിച്ച മോഹനന് ഇത് അഞ്ചാം ഊഴമാണ്. യുഡിഎഫ് കോട്ടകളിലും മോഹനൻ മിന്നും താരമാണ്. 17 വർഷമായി ദേശാഭിമാനി ഏജന്റും, വിതരണക്കാരനുമാണ്. പുലർച്ചെ നാലിന് പൂങ്കാവ് ജങ്ഷഷനിൽ നിന്ന് പത്രക്കെട്ട് എടുത്ത് 500 ഓളം വീടുകളിൽ ദേശാഭിമാനി പത്രം വിതരണം ചെയ്യും. പത്രവിതരണത്തിനിടയിൽ ആരെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചാൽ അവരെ സ്കൂട്ടറിന്റെ പുറകിൽ കയറ്റി അവരുടെ ആവശ്യങ്ങൾ നടത്തി കൊടുത്തതിനു ശേഷമേ വീട്ടിൽ പോകാറുള്ളൂ. അതിനിടെ ഭക്ഷണം പോലും മറക്കും. ക്ഷേമനിധിയായാലും പഞ്ചായത്ത് വിഷയമായാലും, പൊലീസ് സ്റ്റേഷൻ വിഷയമായാലും മോഹനന്റെ സ്കൂട്ടറിനും, ഫോണിനും വിശ്രമമില്ല. ഡിവൈഎഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ കെ എം മോഹനൻ 25–ാമത്തെ വയസിൽ സിപിഐ എം ലോക്കൽ സെക്രട്ടറിയായി. നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി, കെഎസ്കെടിയു ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഒന്നാം വാർഡ് മെമ്പറായ മോഹൻ ഇപ്പോൾ 20–ാം വാർഡിലാണ് മത്സരിക്കുന്നത്. സിപിഐ എം കോന്നി ഏരിയാ കമ്മിറ്റിയംഗമാണ്. മുൻ പഞ്ചായത്തംഗം ശോഭനകുമാരിയാണ് ഭാര്യ. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അഖിൽ മോഹനൻ ഏകമകനാണ്.









0 comments