തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക
പേര് ചേർക്കാൻ 68,538 അപേക്ഷകൾ; അവസരം ഇന്നുകൂടി

പത്തനംതിട്ട
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷകരുടെ എണ്ണം 68,538 ആയി. തിങ്കൾ വൈകിട്ട് അഞ്ചുവരെയുള്ള തെരഞ്ഞെടുപ്പ് കമീഷൻ കണക്കുകൾ പ്രകാരമാണിത്. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 652 അപേക്ഷകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള മാറ്റത്തിന് 4837 അപേക്ഷകളുമാണ് ലഭിച്ചത്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാനുള്ള 138 അപേക്ഷയുമുണ്ട്. എല്ലാവരും പേര് ചേർക്കുന്നുവെന്ന് ഉറപ്പാക്കാൻ അവസാനതീയതി ദീർഘിപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ചൊവ്വകൂടിയെ അവസരമുള്ളൂ. കരട് വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 10,20,398 വോട്ടർമാരാണുള്ളത്. 4,71,103 പുരുഷൻമാരും 5,49,292 സ്‌ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും അടക്കമാണിത്. കരടുപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 29ഓടെ തിരുത്തലുകൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക 30ന് പ്രസിദ്ധീകരിക്കും.









0 comments