തിങ്കളാഴ്ച 80,000 
തീർഥാടകരെത്തി

തീർഥാടകർക്ക്‌ ആശ്വാസമായി
 ഫിസിയോതെറാപ്പി യൂണിറ്റ്

physiotherapy

സന്നിധാനം വലിയ നടപ്പന്തലിലെ ഫിസിയോതെറാപ്പി കേന്ദ്രം

വെബ് ഡെസ്ക്

Published on Dec 02, 2025, 02:13 AM | 2 min read


ശബരിമല

കിലോമീറ്ററുകളോളം മലകയറി സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക്‌ ആശ്വാസമായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ്. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും (ഐഎപി), പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും (പിആർപിസി) ചേർന്ന്‌ നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർഥാടകർക്ക് വേദനസംഹാരിയാകുന്നത്.


ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ ഫിസിയോ തെറാപ്പിസ്റ്റുകളുമാണ് സേവനമനുഷ്ഠിക്കുന്നത്. ദിവസം ശരാശരി നൂറിലധികം തീർഥാടകർ ഇവിടെയെത്തുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയാണ്‌ സേവനം. ആരോഗ്യവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് പ്രവർത്തനം. നടുവേദന, കാൽമുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്സ് ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, മറ്റ്‌ വ്യായാമങ്ങൾ എന്നിവ നൽകും.



നടൻ വരുൺ സന്ദേശ്‌ ദർശനം നടത്തി ; ശബരിമലയിലെ സ‍ൗകര്യങ്ങളിൽ 
പൂർണ തൃപ്‌തൻ

സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ പുർണ തൃപ്‌തനാണെന്ന്‌ തെലുങ്ക്‌ സിനിമാ താരം വരുൺ സന്ദേശ്‌. തിങ്കൾ പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് നടൻ ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന ഇദ്ദേഹം നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30ഓടെ മലയിറങ്ങി. ബന്ധുവടക്കം അഞ്ച്‌ പേരോടൊപ്പമാണ് വരുൺ എത്തിയത്.


varun


"ഇതെന്റെ അഞ്ചാമത്തെ വരവാണ്. 2009ലായിരുന്നു ആദ്യമായി മല ചവിട്ടിയത്‌. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്‌ സമ്മാനിക്കുന്നത്‌’– വരുൺ പറഞ്ഞു. ഹാപ്പി ഡേയ്സ്, കൊത്ത ബംഗാര ലോകം തുടങ്ങിയവയാണ് വരുൺ സന്ദേശിന്റെ ഹിറ്റ് സിനിമകൾ.


തിങ്കളാഴ്ച 80,000 
തീർഥാടകരെത്തി

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ തീർഥാടകത്തിരക്ക്‌. തിങ്കൾ പുലർച്ചെ 12 മുതൽ ഏഴ്‌ വരെ 80,328 പേരാണ്‌ മല ചവിട്ടിയത്‌. മണ്ഡലകാലം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ തീർഥാടകരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് കുറവായിരുന്നു. നടപ്പന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കൾ ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകിട്ടോടെ നടപ്പന്തൽ നിറഞ്ഞു. അവധി ദിനങ്ങൾക്ക് ശേഷം തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.


ശബരിമലയിൽ സദ്യ ; അന്തിമതീരുമാനം 5ന്‌ ബോർഡ്‌ യോഗത്തിൽ

ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ ദേവസ്വം ബോർഡിന്റെ അന്നദാനമായി ഉച്ചയ്‌ക്ക്‌ കേരളീയ സദ്യ നൽകുന്നത്‌ അഞ്ചിന്‌ ചേരുന്ന ദേവസ്വം ബോർഡ്‌ യോഗത്തിൽ തീരുമാനിക്കുമെന്ന്‌ പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു. യോഗത്തിന്‌ ശേഷം രണ്ട്‌ ദിവസത്തിനുള്ളിൽ സദ്യ നൽകാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


നിലവിലുള്ള മെനുവിന്‌ ഒരു വർഷത്തേയ്‌ക്കാണ്‌ കരാർ. കരാർ റദ്ദ്‌ ചെയ്യുന്നതിന്‌ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്‌. അന്നദാന സദ്യയ്ക്കുള്ള കരാറിന്‌ പുതിയ ടെൻഡറും വിളിക്കേണ്ടതുണ്ട്‌. ഇത്തരം വിഷയങ്ങൾ കൂടി പരിഹരിച്ച ശേഷമായിരിക്കും അന്നദാനത്തിന്‌ സദ്യ നൽകുക. ദേവസ്വം കമീഷണർ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട്‌ കൂടി പരിഗണിച്ചായിരിക്കും തുടർനടപടികൾ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങളുള്ള സദ്യ നൽകാനാണ്‌ ദേവസ്വം ബോർഡിന്റെ ആലോചന. നിലവിൽ മൂന്ന്‌ നേരമാണ്‌ ദേവസ്വംവക അന്നദാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home