print edition സൂരജ് ലാമ തിരോധാനം ; മെഡി. കോളേജ് സൂപ്രണ്ടിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി
കുവൈത്തിൽനിന്ന് നാടുകടത്തപ്പെട്ട ബംഗളൂരു സ്വദേശി സൂരജ് ലാമ (59)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ഹൈക്കോടതി വിശദീകരണം തേടി.
സൂരജ് ലാമയെ ആരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്നും അവിടെവച്ച് എന്ത് സംഭവിച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കളമശേരി എച്ച്എംടിക്കുസമീപം കുറ്റിക്കാട്ടിൽ ഞായർ രാവിലെ ജീർണിച്ചനിലയിൽ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ഇക്കാര്യം ആരാഞ്ഞത്. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കുറ്റിക്കാട്ടിൽ ആഴ്ചകൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ആരെയെങ്കിലും കൊന്നുകൊണ്ടിട്ടാൽ പൊലീസ് എങ്ങനെ അറിയുമെന്ന് കോടതി ചോദിച്ചു. കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലടക്കം നിരീക്ഷണം കാര്യക്ഷമമാക്കാനും നിർദേശിച്ചു. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കുവെെത്തിൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമക്ക് അവിടെ വിഷമദ്യ ദുരന്തത്തിൽ ഓർമ നഷ്ടപ്പെട്ടതായി പറയുന്നു. തുടന്ന് കുവെെത്ത് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. ലാമയുടെ കുടുംബം ബംഗളൂരുവിൽ ഉണ്ടായിരുന്നിട്ടും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഒക്ടോബർ അഞ്ചിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഏതാനും ദിവസം അലഞ്ഞുനടന്ന ലാമയെ തൃക്കാക്കര പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ചു. രണ്ടുദിവസത്തിനകം ഡിസ്ചാർജ് ചെയ്‌തു. പിന്നീടാണ് കാണാതായത്. മകൻ നൽകിയ ഹർജിയിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചിരുന്നു.
മൃതദേഹം മകന് തിരിച്ചറിയാനായില്ല; ശാസ്‌ത്രീയ പരിശോധന നടത്തും
കളമശേരി എച്ച്എംടി കമ്പനിക്കുസമീപം അഴുകിയനിലയിൽ കണ്ടെത്തിയ മൃതദേഹം, കാണാതായ സൂരജ് ലാമയുടേതാണോയെന്ന് മകന് തിരിച്ചറിയാനായില്ല. തിരിച്ചറിയാനാകാത്തവിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. ശാസ്‌ത്രീയ പരിശോധനകൾക്കുശേഷമെ മൃതദേഹം സൂരജ് ലാമയുടേതാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാനാണ് നീക്കം. അതുവരെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. ശാസ്‌ത്രീയ പരിശോധനയ്ക്കായി മകൻ സന്ദൻ ലാമയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു.
ഒരുമാസത്തിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹം, ഞായർ രാവിലെ എച്ച്‌എംടി കന്പനി ഗേറ്റിന്റെ എതിർഭാഗത്തെ കുറ്റിക്കാട്ടിൽനിന്നാണ് കണ്ടെത്തിയത്. പൊലീസ് അറിയിച്ചതിനെത്തുടർന്ന് മകൻ സന്ദൻ ലാമ തിങ്കളാഴ്‌ച മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി മൃതദേഹം കണ്ടു.
കുവൈത്തിൽ ബിസിനസുകാരനായിരുന്ന കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ ഓർമനഷ്ടപ്പെട്ടനിലയിൽ കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ഒക്ടോബർ ആറിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി, അലഞ്ഞുനടന്ന ലാമയെ പൊലീസ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 10ന് അവിടെനിന്ന് കാണാതായി. അച്ഛനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ മകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന് 21 അംഗ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷിച്ചുവരുന്നതിനിടെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രവും സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയാണ് മാനസികവെല്ലുവിളി നേരിടുന്ന അച്ഛനെ ആശുപത്രി അധികൃതർ വിട്ടയച്ചതെന്നും പൊലീസ് നേരത്തേ പരിശോധന നടത്തിയതിന്റെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും സന്ദൻ ലാമ ആരോപിച്ചു.








0 comments