സ്റ്റാൻഫോർഡ് സർവകലാശാല പട്ടികയിൽ ഇടം നേടി
മുൻനിര ശാസ്ത്രജ്ഞരിൽ ഡോ. ബിജോ മാത്യുവും

എം സുജേഷ്
Published on Oct 28, 2025, 12:15 AM | 1 min read
പന്തളം
തുടർച്ചയായി ആറാം തവണയും ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരിൽ ഒരാളായി മലയാളി പ്രൊഫസറായ ഡോ. ബിജോ മാത്യു സ്ഥാനം നിലനിർത്തി.കേരളത്തിന്റെ അക്കാദമിക് മേഖലയ്ക്ക് അഭിമാനം പകരുന്ന നേട്ടമാണ് കുളനട പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിയായ ഡോ. ബിജോ മാത്യു കൈവരിച്ചത്. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാല 2025-ൽ പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച ആദ്യത്തെ രണ്ട് ശതമാനം വരുന്ന ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് ബിജോ മാത്യു അഭിമാനകരമായ സ്ഥാനം നേടിയത്. തുടർച്ചയായ ആറാംതവണയും പട്ടികയിൽ ഇടം നിലനിർത്തിയത് ജന്മഗ്രാമമായ കുളനട പഞ്ചായത്തിലെ ഉളനാടിനും ഏറെ അഭിമാനം നൽകുകയാണ്.
കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറായ ഡോ. ബിജോ മാത്യുവിന്റെ ഔഷധ രസതന്ത്രം, ബയോമോളിക്യുലാർ കെമിസ്ട്രി എന്നീ മേഖലകളിലെ സ്ഥിരമായ ഗവേഷണ സംഭാവനകൾക്കാണ് ബഹുമതി ലഭിച്ചത്. ഈ മേഖലയിലെ ഏറ്റവും പുതിയ റാങ്കിങ്ങിൽ അന്താരാഷ്ട്രതലത്തിൽ 169–-ാം സ്ഥാനത്തും ഇന്ത്യയിൽ 16–-ാം സ്ഥാനത്തും അദ്ദേഹം ഇടം കണ്ടെത്തി.
പുതിയ മരുന്നുകളുടെ കണ്ടെത്തലിലും വികസനത്തിലും ഫാർമസ്യൂട്ടിക്കൽ സയൻസിലുമുള്ള സംഭാവനകൾക്കും പ്രൊഫ. ബിജോ മാത്യുവിന്റെ ഗവേഷണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. ഇതുവരെ 270ത്തിലധികം ഗവേഷണപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഉളനാട് അയനിനിൽക്കുന്നതിൽ ബിജോ ഭവനിൽ പി കെ മാത്യു–കുഞ്ഞുമോൾ മാത്യു ദമ്പതികളുടെ മകനാണ്. ഡോ. ജിദ എലിസബേത്ത് മാത്യുവാണ് ഭാര്യ.









0 comments