: മിന്നിത്തിളങ്ങി ഏഴംകുളം കൈപ്പട്ടൂർ റോഡ്
ഇത്രയും മാറ്റം പ്രതീക്ഷിച്ചില്ല

ജി സതീശൻ
Published on Mar 25, 2026, 12:05 AM | 1 min read
കൊടുമൺ
""ഏഴംകുളം – കൈപ്പട്ടൂർ റോഡ് ഇത്ര മനോഹരമായി മാറുമെന്ന് നിർമാണം തുടങ്ങിയപ്പോൾ ഞങ്ങളാരും കരുതിയില്ല.''-_ കൊടുമൺ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ മണിമലമുക്ക് സ്വദേശി ഐയ്ക്കാട്ടുവിളയിൽ രാജു പറയുന്നു. ""പത്ത് വർഷത്തിലധികമായി ഞാനിവിടെ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട്. മുമ്പ് മഴക്കാലമായാൽ വണ്ടിയുമായി റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. റോഡെല്ലാം കുണ്ടും കുഴിയുമായി വെള്ളം കെട്ടിക്കിടക്കും. വലിയ വണ്ടികൾ പോകുമ്പോൾ വെള്ളം ഓളമടിച്ച് ഓട്ടോറിക്ഷയ്‌ക്കകത്തേക്ക് കയറും. യാത്രക്കാരുടെ ചീത്തമുഴുവൻ ഓട്ടോ ഡ്രൈവർ കേൾക്കണം. ഇടത്തിട്ട ഭാഗത്തെ റോഡിനിരുവശവും വയലാണ്. മഴക്കാലമാകുമ്പോൾ വെള്ളംനിറഞ്ഞ് റോഡും വയലും തിരിച്ചറിയാൻ കഴിയാതെവരും. അങ്ങനെ നിരവധി ബുദ്ധിമുട്ടുകളായിരുന്ന റോഡിപ്പോൾ മിന്നിത്തിളങ്ങുകയാണ്. പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമായി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ, കലുങ്ക്, പാലം, കൊടുമൺ ജങ്‌ഷനിലും സമീപവും നടപ്പാതകളും സംരക്ഷണവേലിയും നിർമിച്ചു. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരേ പോലെ സൗകര്യമാണ് പുതിയ റോഡ്. എൽഡിഎഫ് സർക്കാര് തുടരും, ജനങ്ങൾക്കുവേണ്ടി.''
ജില്ലയിലെ തന്നെ പഴക്കം ചെന്ന റോഡുകളിലൊന്നായ ഏഴംകുളം–കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ടിൽനിന്നും 64 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഏഴംകുളം, കൊടുമൺ വഴി കൈപ്പട്ടൂരിൽ എത്തുന്ന 9.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 10 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായിട്ടാണ് നിർമിച്ചിട്ടുള്ളത്. പത്തനംതിട്ടയിൽനിന്നും കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ ഏഴംകുളം വഴി അടൂരിലെത്തുന്ന പ്രധാന പാതകളിലൊന്നാണിത്. നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന പഴക്കം ചെന്ന കലുങ്കുകളും പാലങ്ങളും പുനർനിർമിച്ചു. 24 പുതിയ കലുങ്കുകളും നിർമിച്ചു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് റോഡ് അന്താരാഷ്‌ട്ര നിലവാരത്തിലാക്കി. കൊടുമൺ, ഏഴംകുളം, വള്ളിക്കോട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് യാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന റോഡ് ജില്ലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനങ്ങളുടെ നേർസാക്ഷ്യമാണ്.










0 comments