അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
മണിയാർ ഡാം വറ്റിച്ചു

പി അനൂപ്
Published on Apr 24, 2026, 12:05 AM | 2 min read
റാന്നി
മണിയാർ ഡാമിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ഇതിനായി ഡാമിനുള്ളിലെ വെള്ളം പൂർണമായും വറ്റിച്ചത് കൗതുക കാഴ്ചയായി. ഡാമിന്റെ ഷട്ടറുകളുടെയും സ്ലൂയിസ് വാൽവിന്റെയും അറ്റകുറ്റ പണികൾക്കായും ഡാമിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തികളുടെ ഭാഗമായാണ് ഡാമിലെ വെള്ളം പൂർണമായും ഒഴുക്കി വിട്ടത്. 1983ല്‍ കക്കാട്ടാറിന് കുറുകെ മണിയാറിൽ നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ പ്രധാന ഉദ്ദേശം പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം എത്തിച്ചു നൽകുക എന്നതായിരുന്നു. ഇവിടെ നിന്നും തുരങ്കം വഴിയും കനാൽ വഴിയും പോകുന്ന വെള്ളം പുതമണ്ണിൽ എത്തുമ്പോൾ രണ്ടായി തിരിച്ചു വിടും. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളും ആലപ്പുഴ ജില്ലയുടെ ഹരിപ്പാട് വരെയുള്ള ഭാഗങ്ങളിലുമാണ് വെള്ളം എത്തിക്കുന്നത്. ഡാമിലെ വെള്ളം പ്രത്യേക തുരങ്കം വഴി ഡാമിന് താഴെ നിർമിച്ചിരിക്കുന്ന പവ്വർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതോൽപാദനം നടത്തിയിരുന്നത്. മൂന്ന് ടർബയിനുകളിൽ നിന്നായി 12 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതിയാണ് ഇത്. 30 വർഷമായിരുന്നു കരാർ കാലാവധി. ഇതിപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഡാം നിർമിച്ച് നാളിതുവരെ കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ഇടയ്ക്ക് കരാറുകാരനെ നിയോഗിച്ച് ഡാമിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തിരുന്നു. ഡാമിന്റെ ഏറ്റവും താഴെയുള്ള സ്ലൂയിസ് വാൽവ് ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായിരുന്നു. ഈ ഭാഗങ്ങളെല്ലാം മണ്ണ് വന്ന് അടിഞ്ഞ് മൂടുകയും ചെയ്തിരുന്നു. ഡാമിന്റെ വയറിങ് സംവിധാനങ്ങളും തകരാറിലായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിൽ ഡാമിന്റെ ഷട്ടർ ഉയർത്താൻ കഴിയാതെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യം പോലും ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഡാമിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ നടപടി സ്വീകരിച്ചത്. ഡാമിന്റെ അഞ്ച് ഷട്ടറുകളും മാറ്റി പുതിയത് സ്ഥാപിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ആയിരുന്നു പ്രധാന ജോലി. ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതുവരെ തുറക്കാത്ത സ്ലൂയിസ് വാൽവ് തുറന്നപ്പോൾ ഡാമിൽ അടിഞ്ഞുകൂടിയ മണ്ണ് നദിയിലൂടെ താഴേക്ക് ഒലിച്ചുപോയ കക്കാട്ടാറിൽ വലിയ മണൽപ്പുറ്റുകൾ രൂപം കൊണ്ടിട്ടുണ്ട്. ഡാമിലേക്ക് ജലമൊഴുക്ക് പൂർണമായി നിലച്ചാൽ മാത്രമേ സ്ലൂയിസ് വാൽവിന്റെ അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ ആവൂ. ഇതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. തൊട്ടുമുകളിൽ ഉള്ള സ്വകാര്യ ജലവൈദ്യുത പദ്ധതിയായ കാരിക്കയം പദ്ധതിയുടെ ഡാമിൽ വെള്ളം കെട്ടിനിർത്തി നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. ഡാമിലെ വെള്ളം പൂർണമായും ഒലിച്ചു പോയതോടെ കനാൽ വഴി വെള്ളം വിടാൻ നിവൃത്തിയില്ലാതായി. കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ ജലക്ഷാമവും നേരിടുന്നുണ്ട്. ഡാമിന്റെ ഷട്ടറുകൾ മഴക്കാലത്തിന് മുമ്പേ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
Highlights: ഡാമിന്റെ അഞ്ച് ഷട്ടറുകളും മാറ്റി പുതിയത് സ്ഥാപിക്കും
മഴക്കാലത്തിന് മുമ്പേ നിർമാണം പൂർത്തിയാക്കും









0 comments