ad
Deshabhimani

പിള്ളേച്ചനുണ്ടോ പിന്നോട്ട്‌; കൃഷിയാണ്‌ മുഖ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2025, 12:52 AM | 1 min read

ചിറ്റാർ

വനമേഖലയോടുചേർന്ന കൃഷിയിടം. പ്രതിസന്ധികൾ ഏറെയുണ്ട്‌. പോരാത്തതിന്‌ വന്യമൃഗശല്യവും. എന്നാൽ അതൊക്കെ പറഞ്ഞ്‌ ഈ കർഷകനെ പിന്തിരിപ്പാക്കാമെന്ന്‌ വിചാരിച്ചാൽ നടക്കില്ല. ആള്‌ വേറെ ലെവലാ!. ഒരേക്കർ എൺപത് സെന്റ്‌ ഭൂമിയിൽ വ്യത്യസ്‌ത വിളകളിറക്കി, നൂറുമേനി വിളവെടുത്താണ്‌ സീതത്തോട് മുണ്ടൻപാറ അഞ്ജുഭവനിൽ സുരേന്ദ്രൻപിള്ളയുടെ ജൈത്രയാത്ര. വീടിനോടുചേർന്ന മലമുകളിലേക്കാണ് ഒരു കരിയില വീണാൽ കാണാവുന്ന വിധത്തിൽ ഭൂമിയൊരുക്കി കൃഷി. കുരുമുളക് കൊടിയെല്ലാം കായ്ച്ചിരിക്കുന്നു. കണ്ണൻചേമ്പ്, മധുരക്കിഴങ്ങ്, ചേന, പാവൽ, പടവലം, വാഴ, പച്ചമുളക്‌, കറിവേപ്പ്‌ എന്നുവേണ്ട എല്ലാമുണ്ടിവിടെ. ചാണകപ്പൊടിയും പച്ചിലയും ചാരവുമാണ് പ്രധാനവളം. കാട്ടുപന്നിയിൽനിന്ന് സുരക്ഷയൊരുക്കി ടിൻഷീറ്റ്‌ കവചം തീർത്ത് പ്രത്യേക സംരക്ഷണത്തിലാണ്‌ കപ്പ കൃഷി. രാത്രിയിൽ കാട്ടുമൃഗശല്യം ഉണ്ടാകാതിരിക്കാൻ കാറ്റടിയേറ്റ് ശബ്ദം പുറപ്പെടുവിക്കുന്ന വിധത്തിൽ കുപ്പിയും ടിൻഷീറ്റുമൊക്കെ കെട്ടിയിടും. ഇടയ്‌ക്കിടയ്‌ക്ക്‌ പടക്കംപൊട്ടിച്ചും വന്യമൃഗങ്ങളെ തുരത്തും. രാവിലെ 7.30ന് കൃഷിയിടത്തിലിറങ്ങും. ഉച്ചയ്‌ക്ക്‌ 12ന്‌ ഭക്ഷണത്തിനുകയറി പിന്നെയിറങ്ങിയാൽ വൈകിട്ട്‌ അഞ്ചുവരെ അധ്വാനമാണ്‌. കഴിഞ്ഞവർഷം മൂന്നുലക്ഷം രൂപയുടെ ഉണക്ക കുരുമുളകാണ്‌ വിറ്റത്‌. കൃഷിയിടം നൽകുന്ന സന്തോഷം മറ്റെങ്ങും കിട്ടില്ലെന്ന്‌ പിള്ളേച്ചൻ പറയുന്നു. കൃഷികാര്യങ്ങളിൽ സഹായവുമായി ഭാര്യ രേണുകയും മകൻ അനന്ദുവും ഒപ്പമുണ്ട്. 2024ൽ സീതത്തോട് പഞ്ചായത്ത് കർഷകശ്രീ അവാർഡുനൽകി സുരേന്ദ്രൻപിള്ളയെ ആദരിച്ചിരുന്നു. സിപിഐ എം മുണ്ടൻപാറ ബ്രാഞ്ചംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home