വർക്‌ഷോപ്പുകളിൽ തിരക്ക്
ഇ–20 പെട്രോളിൽ വലഞ്ഞ് വാഹന ഉടമകൾ

സ്വന്തം ലേഖിക
Published on Jul 28, 2026, 12:05 AM | 1 min read
പത്തനംതിട്ട
"ദിവസം രണ്ട് ഇരുചക്രവാഹനങ്ങൾ എങ്കിലും കാർബുറേറ്റർ മാറാനായി ഇവിടെയെത്തും. എഥനോൾ കലർന്ന പെട്രോൾ അടിച്ചുതുടങ്ങിയതിന് ശേഷമാണ് പലർക്കും പ്രശ്നങ്ങൾ ഉണ്ടായിതുടങ്ങിയത്. പഴയ വാഹനങ്ങളെയാണ് ഇത് സാരമായി ബാധിച്ചത്'–പത്തനംതിട്ടയിലെ വർക്‌ഷോപ്പ് ഉടമ മാത്യു പറയുന്നു. എഥനോൾ കലർത്തിയ പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയെ ബാധിക്കുന്നതായി വ്യാപക പരാതി ഉയരുമ്പോളാണ് വർക്ക്‌ഷോപ്പുകളിൽ സർവീസിനായി എത്തുന്നവരുടെ എണ്ണവും കൂടുന്നത്. പുതിയ കാർബുറേറ്ററിന് 2000 രൂപ മുതൽ 8000രൂപ വരെയാണ് ചെലവ്. ഇതുകൂടാതെ പെട്രോൾ ടാങ്കിനെയും എൻജിനെയുമടക്കം ഇ–20 പെട്രോൾ ബാധിക്കുന്നുണ്ട്. ഇൗർപ്പം നിലനിന്ന് ടാങ്കിൽ തുരുന്പെടുക്കുന്നതും പ്രധാന പ്രശ്നമാണ്. എഥനോളിന്റെ ദ്രവീകരണ സ്വഭാവത്തെ അതീജിവിക്കാൻ പറ്റിയ രീതിയിലല്ല പഴയ വാഹനങ്ങളുട നിർമാണം. കരിമ്പിൽ നിന്നാണ് പ്രധാനമായും ഇന്ത്യയിൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. ഇൗർപ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതിനാൽ പെട്രോൾ ടാങ്കിൽ ജലകണികൾ അടിയാനും അത് തുരുമ്പെടുക്കാനും കാരണമാകും. മൂന്നുമുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയാനും ഇത് കാരണമാകുമെന്ന് പെട്രോളിയം മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായി പലതരം പ്രശ്നങ്ങൾ നേരിടുകയും എൻജിൻ മിസിങ് ഉണ്ടാകുകയും ചെയ്യുന്ന നിരവധി വാഹനങ്ങൾ ഇതിനകം വർക്‌ഷോപ്പിൽ എത്തിയതായി മാത്യു പറയുന്നു.
പരിസ്ഥിതി സൗഹൃദമെന്ന പേരിലാണ് ഇ–20 പെട്രോൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. എന്നാൽ സാധാരണക്കാരന്റെ സ്വന്തം വാഹനമെന്ന സ്വപ്നത്തെ തകർക്കുന്നതാണ് ഇൗ നടപടിയെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു.










0 comments