മലയോരമേഖലയിൽ വനിതകൾക്ക് ഗുണമാകില്ല
ബസില്ലാതെന്ത് "സൗജന്യയാത്ര'

സ്വന്തം ലേഖിക
Published on Jun 12, 2026, 12:05 AM | 1 min read
പത്തനംതിട്ട
സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര കെഎസ്‌ആർടിസി ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കിയത് മലയോര മേഖലയിലെ വനിതകൾക്ക് പ്രയോജനമാകില്ല. കെഎസ്‌ആർടിസിയുടെ എല്ലാ സർവീസുകളിലും സൗജന്യയാത്രയെന്ന യുഡിഎഫ് വാഗ്ദാനം ഓർഡിനറിയിൽ മാത്രമാക്കിയത് വലിയ വിവാദമായിരുന്നു.
രണ്ട് പ്രധാന ഡിപ്പോകളിലും ഉപ ഡിപ്പോകളിലും ഓപ്പറേറ്റിങ് സെന്ററുകളിലുമായി ആകെ 135 ഓർഡിനറി സർവീസുകളാണ് ജില്ലയിലുള്ളത്. പത്തനംതിട്ട–26, തിരുവല്ല–25, അടൂർ–36, മല്ലപ്പള്ളി–22, കോന്നി–10, റാന്നി–ഒമ്പത്, പന്തളം–ഏഴ് എന്നിങ്ങനെയാണ് സർവീസുകളുടെ എണ്ണം. ഇതിൽ ഏറ്റവും കുറവ് സർവീസുള്ള കോന്നിയിൽനിന്നും റാന്നിയിൽനിന്നും പ്രധാന ഡിപ്പോയായ പത്തനംതിട്ടയിൽനിന്നുമാണ് ജില്ലയുടെ മലയോര മേഖലകളിലേക്ക് സർവീസുള്ളത്. എന്നാൽ പത്തനംതിട്ടയൊഴികെയുള്ളിടങ്ങളിൽ നിന്ന് സർവീസ് കുറവാണ്. ആളില്ലെന്ന കാരണം പറഞ്ഞ് വർഷങ്ങൾക്കുമുമ്പ് സർവീസ് അവസാനിപ്പിച്ചവയുമുണ്ട്. ജില്ലയുടെ മലയോര, ആദിവാസി മേഖലകളായ ഗവി, കടുമീൻചിറ, അരയാഞ്ഞിലിമൺ, ളാഹ, മണക്കയം, ആനത്തോട്, നടുവത്തുംമൂഴി, മണ്ണാറപ്പാറ, സീതത്തോട്, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ ഇടങ്ങളിലേക്ക് ഓർഡിനറി സർവീസുകൾ നാമമാത്രമാണ്. തോട്ടം തൊഴിലാളികളടക്കം നിരവധി പേരുള്ള ഗവിയിലേക്ക് വെറും രണ്ട് ബസാണ് സർവീസ് നടത്തുന്നത്.
ഇൗ മേഖലകളിൽനിന്നടക്കം നിരവധി യുവതികളും വിദ്യാർഥിനികളും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജോലിക്കും പഠനത്തിനുമായി പോകുന്നുമുണ്ട്. കെഎസ്‌ആർടിസി സർവീസില്ലാത്തതിനാൽ ഇവർക്ക് സ്വകാര്യബസുകളെ മാത്രം ആശ്രയിക്കേണ്ടിവരും.
Highlights: ഓർഡിനറിക്ക് ജില്ലയിലാകെ 135 സർവീസ് മാത്രം









0 comments