ad
Deshabhimani

ഡ്രോൺ സർവേ നടത്തി

ആറന്മുള വിമാനത്താവളം വീണ്ടും തലപൊക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2026, 12:05 AM | 2 min read

പത്തനംതിട്ട

തൊണ്ണൂറ്‌ ശതമാനവും നീർത്തടമെന്ന് കണ്ടെത്തി പത്തുവർഷംമുമ്പ് സുപ്രീംകോടതി അനുമതി നിഷേധിച്ച ആറന്മുള വിമാനത്താവളം പദ്ധതി വീണ്ടും തലപൊക്കുന്നു. ഇതിന്റെ ഭാഗമായി ആറന്മുള പുഞ്ചയിൽ ആലുവ ആസ്ഥാനമായ ‘കാനറി ഡിജിറ്റൽ’ ഡ്രോൺ സർവേ നടത്തി. രണ്ടാംഘട്ട സർവേയ്‌ക്ക്‌ അവർ വീണ്ടും എത്തുമെന്ന് ഭൂവുടമ ഏബ്രഹാം കലമണ്ണിൽ പറഞ്ഞു. തന്റെ കൈവശം 400 ഏക്കർ ഭൂമിയുണ്ട്‌. പദ്ധതിക്കായി 600 ഏക്കർകൂടി ആവശ്യമാണ്. അതിനാണ് ഡ്രോൺ പരിശോധന നടത്തിയതെന്നാണ്‌ ഭൂവുടമയുടെ വിശദീകരണം.

പൈതൃകഗ്രാമമായ ആറന്മുളയിലെ വിശാലമായ 1500-ൽപരം ഏക്കർ വയൽമേഖലയും മലനിരകളും ഇടിച്ചുനിരത്തി വിമാനത്താവളം പദ്ധതി കൊണ്ടുവരാൻ 2004 മുതലാണ്‌ ശ്രമം തുടങ്ങിയത്‌. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ വിമാനത്താവളം നിർമാണത്തിന് മുന്നോടിയായി ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വൻ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നതോടെ 2014 മെയ് 28ന് ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കി ഉത്തരവിറക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ഏജൻസിക്ക് യോഗ്യതയില്ലെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇത് സുപ്രീംകോടതിയും ശരിവച്ചതോടെയാണ് പദ്ധതിക്ക്‌ അനുമതി നിഷേധിച്ചത്‌.

ചെറുവള്ളി എസ്‌റ്റേറ്റ്‌ വിമാനത്താവളത്തിന്‌ അനുയോജ്യം

​പത്തനംതിട്ട

ഗുരുതര പരിസ്ഥിതിപ്രശ്നം സൃഷ്‌ടിക്കുമെന്ന്‌ കണ്ടാണ്‌ ആറന്മുള വിമാനത്താവളം പദ്ധതി ഉപേക്ഷിച്ചതെന്നും വീണ്ടും അതിനായി നീക്കമുണ്ടായാൽ ജനകീയ പ്രതിഷേധമുയരുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പ്രക്ഷോഭത്തെ പാർടി പിന്തുണയ്‌ക്കും. രണ്ടായിരത്തിനടുത്ത്‌ ഏക്കറിലെ നെൽവയലുകളും ചതുപ്പുകളും നികത്തിയാൽ സമീപ പ്രദേശങ്ങൾക്ക്‌ അത്‌ താങ്ങാനാവില്ല. വെള്ളം സംഭരിച്ച്‌ നിർത്തേണ്ട പ്രദേശമാണിത്‌. അവിടെ മണ്ണിട്ട്‌ നികത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം ഉ‍ൗഹിക്കാവുന്നതേയുള്ളൂ. പത്തനംതിട്ട ജില്ലയിലോ അതിർത്തി പ്രദേശങ്ങളിലോ വിമാനത്താവളം വരുന്നതിൽ വിയോജിപ്പില്ല. ജില്ലയുടെ അതിർത്തി പ്രദേശമായ ചെറുവള്ളി എസ്‌റ്റേറ്റ്‌ വിമാനത്താവളത്തിന്‌ അനുയോജ്യമായ സ്ഥലമാണ്‌. പരിസ്ഥിതി പ്രശ്നങ്ങളില്ല. ആറന്മുളയിലേത്‌ പോലെ കുടിയൊഴിപ്പിക്കൽ വേണ്ടിവരില്ല. ഇവിടെ വിമാനത്താവളം വേണമെന്ന്‌ 2016ൽ എംഎൽഎയായിരിക്കുന്പോൾ താൻ നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചതാണ്‌. ഇന്നതിന്റെ പ്രാഥമിക സർവേകളെല്ലാം പൂർത്തിയായി. പുതിയതായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്‌. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്‌. ഭൂമിസംബന്ധമായ ചില തർക്കങ്ങൾ മാത്രമാണ്‌ ശേഷിക്കുന്നത്‌. സർക്കാർ ഇടപെട്ടാൽ സിവിൽ പ്രശ്‌നങ്ങളെല്ലാം നിസാരമായി കൈകാര്യം ചെയ്യാനാകും. ആ നിലയ്‌ക്കുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home