ad
Deshabhimani

മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണം

തീവ്രയജ്ഞത്തിൽ ഇനി 12 മിഷനുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അശ്വതി ജയശ്രീ

Published on Jan 05, 2026, 12:05 AM | 1 min read

പത്തനംതിട്ട

മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ രൂപീകരിച്ച തീവ്രയജ്ഞത്തിൽ ഇനി 12 മിഷനുകൾ. വനാതിർത്തികളിലും വനത്തിനോട് ചേർന്ന പ്രദേശങ്ങിലും കർഷകർക്ക് മികച്ച വിളവും വരുമാനവും നൽകുന്ന കാർഷികവിളകൾ പ്രചരിപ്പിക്കുന്ന മിഷൻ കൃഷി പുനരുജ്ജീവനവും, അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ ഉന്മൂലനം ചെയ്യുന്ന മിഷൻ മഞ്ഞക്കൊന്ന എന്നിവയാണ്‌ വനംവകുപ്പ്‌ പുതുതായി തീവ്രയജ്ഞത്തിന്റെ ഭാഗമാക്കുക. നേരത്തെ 10 മിഷനുകളാണ്‌ തീവ്രയജ്ഞത്തിന്റെ ഭാഗമായുണ്ടായിരുന്നത്‌. ​മനുഷ്യ–-വന്യജീവി സംഘർഷത്തിന് കാരണമാകാത്ത തരത്തിലുള്ള കാർഷികവിളകൾ പ്രചരിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും വനം-, പരിസ്ഥിതി സൗഹൃദവുമായ നൂതന കൃഷിരീതികൾക്ക് പ്രോത്സാഹനവും പരിശീലനവും നൽകുക, കാർഷിക വിളകൾക്ക് മൂല്യവർധിത വിപണിയൊരുക്കുക എന്നിവയാണ്‌ മിഷൻ കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും വഴി നടപ്പാക്കുക. തനത് വിളകളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും ബ്രാൻഡിങ്ങും മാർക്കറ്റിങ്ങും കൃഷിക്കും വളർത്തുമൃഗങ്ങൾക്കുമുള്ള ഇൻഷുറൻസ്, മൂല്യാധിഷ്ഠിത നഷ്ടപരിഹാരം, സിൽവികൾച്ചർ, കാർഷികോൽപ്പന്ന ഉൽപ്പാദനവും മിഷൻ ലക്ഷ്യം വയ്ക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. മിഷന്റെ നോഡൽ ഓഫീസറായി അസിസ്റ്റന്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ ജോബ് നേര്യമ്പറപ്പിലിനെ ചുമതലപ്പെടുത്തി ഉത്തരവായി. സംസ്ഥാനത്തെ വനമേഖലകളിൽ പടർന്നു പിടിച്ചിട്ടുള്ള അധിനിവേശ സസ്യങ്ങളെ, പ്രത്യേകിച്ച് മഞ്ഞക്കൊന്നയെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ്‌ മിഷൻ മഞ്ഞക്കൊന്ന. പൊതുജന പങ്കാളിത്തത്തോടെയാണ്‌ നടപ്പാക്കുക. വൈദേശിക സസ്യങ്ങളും ജീവജാലങ്ങളും നമ്മുടെ തനത്‌ ആവാസവ്യവസ്ഥയെയും വന്യജീവി സമ്പത്തിനെയും എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ ബോധവൽക്കരണവും മിഷന്റെ ഭാഗമായുണ്ടാകും. അസിസ്റ്റന്റ്‌ ഫോറസ്റ്റ് കൺസർവേറ്റർ എം ജോഷിൽ നോഡൽ ഓഫീസറാകും.

മനുഷ്യ–വന്യജീവി സംഘർഷം തടയാൻ സംസ്ഥാന സർക്കാർ രണ്ടുവർഷംമുമ്പ്‌ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്രസർക്കാർ പച്ചക്കൊടി കാണിക്കാതെ തുടരുന്നതിനിടെയാണ്‌ സംസ്ഥാന സർക്കാർ വിവിധ മിഷനുകൾക്ക്‌ രൂപം നൽകുന്നതും നടപ്പാക്കുന്നതും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home