പൊതുപണിമുടക്ക്‌ അർധരാത്രി മുതൽ

നാട് സ്‌തംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 12:31 AM | 1 min read

പത്തനംതിട്ട

കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക്‌ ജില്ലയിൽ സമ്പൂർണമാകും. തൊഴിലാളി വിരുദ്ധമായ നാല്‌ ലേബർ കോഡുകളും ഉടൻ ഉപേക്ഷിക്കുക, അസംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്‌കീം വർക്കർമാർക്കും 26,000 രൂപ പ്രതിമാസം വേതനം നിശ്‌ചയിക്കുക തുടങ്ങി 17 ആവശ്യങ്ങളുന്നയിച്ചാണ്‌ പൊതുപണിമുടക്ക്‌ നടത്തുന്നത്‌. ചൊവ്വ അർധരാത്രി മുതൽ ബുധൻ അർധരാത്രി വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ബസ്‌ സർവീസുകൾ നിലയ്‌ക്കും. തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിന്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. ബാങ്ക്‌ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിന്റെ പ്രചാരണാർഥം സംസ്ഥാന തലത്തിൽ പ്രചരണ ജാഥകൾ നടത്തിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൺവൻഷനുകൾ, ഭവനസന്ദർശനം എന്നിവയിലൂടെ പണിമുടക്കിന്റെ സന്ദേശം ഇതിനകം ജില്ലയിൽ എല്ലാ വിഭാഗം ജനങ്ങളിലുമെത്തി. ഒരു മാസം മുമ്പുതന്നെ പ്രചാരണം ആരംഭിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങളെ സംബന്ധിച്ചുള്ള ലഘുലേഖകൾ വിവിധ സംഘടനകൾ വിതരണം ചെയ്‌തു. പ്ലാന്റേഷൻ തൊഴിലാളികൾ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ചൊവ്വ രാവിലെ മുതൽ പണിമുടക്കും. കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ഇൻഷുറൻസ്‌ ജീവനക്കാരും പണിമുടക്കിൽ അണിചേരുന്നുണ്ട്‌. സംയുക്‌ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കർഷക, കർഷകത്തൊഴിലാളി സംഘടനകളും പിന്തുണയറിയിച്ചു. വാണിജ്യ, വ്യവസായ മേഖലയിലും റോഡ്‌ ഗതാഗതം, നിർമാണം, മത്സ്യബന്ധന മേഖലകളിലും തൊഴിലാളികൾ പണിമുടക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എച്ച്‌എംഎസ്‌, ടിയുസിഐ , ജെഎൽയു, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ തുടങ്ങിയ സംഘടനകൾ പണിമുടക്ക്‌ പ്രചാരണത്തിൽ പ്രധാനപങ്കാളികളായി. ചൊവ്വാഴ്‌ച വാർഡടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തും. പണിമുടക്ക്‌ ദിനത്തിൽ തൊഴിലാളികൾ ജില്ലയിൽ സമരകേന്ദ്രങ്ങളിൽ ഒത്തുചേരും. പഞ്ചായത്ത്‌, നഗരസഭാ അടിസ്ഥാനത്തിൽ പ്രകടനവും നടത്തും. കർഷക –- കർഷകത്തൊഴിലാളി സംഘടനകൾ പണിമുടക്കിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഗ്രാമീണബന്ദിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അവശ്യസർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home